2020-ല്‍ മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുകള്‍

December 22, 2020
Beautiful Songs in 2020

ചില പാട്ടുകള്‍ അങ്ങനെയാണ്… ഹൃദയതാളങ്ങള്‍ കീഴടക്കും. കാലാന്തരങ്ങള്‍ക്കും അപ്പുറം അവയങ്ങനെ ആസ്വാദക മനസ്സുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. കാലത്തിന്റെ കുത്തൊഴുക്കില്‍ പെടാതെ നിത്യസുന്ദരമായി ഇന്നും പെയ്തിറങ്ങുന്ന എത്രയെത്ര ഗാനങ്ങളുണ്ട് മലയാള സിനിമയില്‍. 2020-ല്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ചില പാട്ടുകള്‍ ഇതാ…

വാതിക്കല് വെള്ളരിപ്രാവ്…

പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്തൊരുക്കിയ പാട്ടാണ് വാതിക്കല് വെള്ളരിപ്രാവ്… സൂഫിയും സുജാതയും എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ജയസൂര്യ, അതിഥി റാവു ഹൈദരി, ദേവ് മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. വാതിക്കല് വെള്ളരിപ്രാവ് എന്ന പാട്ട് ദൃശ്യംഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു. എം ജയചന്ദ്രനാണ് മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

കലക്കാത്ത….

ചില പാട്ടുകള്‍ വളരെ വേഗത്തില്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ടുകള്‍ പ്രേക്ഷക നെഞ്ചില്‍ ഇടം നേടുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനവും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. നഞ്ചമ്മ ആലപിച്ച ഈ ഗാനം ആസ്വാദക ഹൃദയങ്ങളില്‍ നിന്നും വിട്ടകന്നിട്ടില്ല. പൃഥ്വിരാജും ബിജു മോനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് സച്ചിയാണ്.

മതി കണ്ണാ ഉള്ളത് ചൊല്ലാന്‍

അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപിയും ശോഭനയുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന ആകര്‍ഷണം. മതി കണ്ണാ ഉള്ളത് ചൊല്ലാന്‍ എന്ന ഗാനവും മികച്ച സ്വീകാര്യത നേടി. അല്‍ഫോന്‍സ് ജോസഫാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. അല്‍ഫോന്‍സ് ജോസഫും ഷെര്‍ധിനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന ഗാനവും 2020-ല്‍ പ്രേക്ഷകര്‍ ഏറ്റുപാടി. താളഭംഗി തന്നെയാണ് ഈ ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കിയത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം ജേക്കബ്ബ് ഗ്രിഗറിയും പാട്ടില്‍ ചേര്‍ന്നു. ഷിഹാസ് അഹമ്മദ്‌കോയയുടേതാണ് ഗാനത്തിലെ വരികള്‍. ശ്രീഹരി കെ നായര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Story highlights: Beautiful Songs in 2020