പോരാട്ടവീര്യം ചോരാത്ത 97 കാരി: അന്ന് ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ടു, ഇന്ന് കൊവിഡിനെയും അതിജീവിച്ചു
കൊവിഡ് മഹാമാരി കാലത്തെ അതിജീവനത്തിന്റെ നിരവധി കഥകൾ ഇതിനോടകം നാം കേട്ടുകഴിഞ്ഞു. ഇപ്പോഴിതാ 97 ആം വയസിൽ കൊവിഡിനെ തോൽപ്പിച്ച ഒരു മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളുടെ സ്നേഹാദരം ഏറ്റുവാങ്ങുന്നത്. കൊവിഡിനെ അതിജീവിച്ച ലില്ലി എൽബർട്ട് എന്ന മുത്തശ്ശിയ്ക്ക് പറയാൻ മറ്റൊരു അതിജീവനത്തിന്റെ കഥ കൂടിയുണ്ട്. 1945-ൽ പോളണ്ടിലെ ഓഷ്വിറ്റ്സ് കോൺസണ്ട്രേഷൻ ക്യാമ്പിൽ നിന്ന് മോചിതയായ വ്യക്തി കൂടിയാണ് ഈ ധീരവനിത. അന്ന് ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ട ആ പോരാളി ഇന്ന് കൊവിഡിനെയും അതിജീവിച്ചിരിക്കുകയാണ്.
ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ട ലില്ലി എൽബർട്ട് കൊവിഡിനെയും അതിജീവിച്ച കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ലില്ലിയുടെ ചെറുമകൻ ഡോവ് ഫോർമൻ ആണ്. ’97 കാരിയായ, ഓഷ്വിറ്റ്സ് കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട എന്റെ മുത്തശ്ശി ലില്ലി എൽബർട്ട് കൊവിഡിനെയും അതിജീവിച്ചിരിക്കുന്നു. കൊവിഡ് മുക്തയായ ശേഷം ഇന്ന് അവർ ആദ്യമായി നടക്കാനിറങ്ങി. അവർ ഒരു പോരാളിയും അതിജീവിക്കുന്ന വ്യക്തിയുമാണ്’ എന്നാണ് ഡോവ് ഫോർമൻ ട്വിറ്ററിൽ കുറിച്ചത്.
ഇതിനോടകം നിരവധി പേരാണ് ഈ മുത്തശ്ശിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ധീര വനിതയാണ് ഈ മുത്തശ്ശിയെന്നും, അതിജീവനത്തിന്റെ പ്രതീകമാണിതെന്നും തുടങ്ങി നിരവധി കമന്റുകളാണ് ഈ മുത്തശ്ശിയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.
My 97-Year-old Great Grandma, Lily Ebert BEM – Auschwitz Survivor, has just recovered from Covid- 19.
— Dov Forman (@DovForman) January 21, 2021
Today she went on her first walk in a month after making a miraculous recovery.
❤️💪A fighter and survivor💪❤️ pic.twitter.com/1iuHkvjqIf
Story Highlights:97 years old holocaust survivor recovers from covid-19