സപ്തതി നിറവിൽ മലയാള സിനിമയുടെ ഹാസ്യരാജാവ്

January 5, 2021

മലയാള ചലച്ചിത്രലോകത്ത് പകരക്കാരനില്ലാത്ത ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്‌തതി. മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയ്ക്ക് ആശംസകൾ നേരുകയാണ് ചലച്ചിത്രലോകവും ആരാധകരും. റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന താരം മലയാള സിനിമയ്ക്ക് എന്നും മുതൽ  കൂട്ടായിരുന്നു. താരത്തിന്റെ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.. അപകടത്തിന് ശേഷം വിശ്രമജീവിതം നയിക്കുന്ന താരം വര്‍ഷങ്ങൾക്ക് ശേഷം ഒരു പരസ്യ ചിത്രത്തിലൂടെ മടങ്ങിവരവ് നടത്തിയത് പ്രേക്ഷകരിൽ ആശ്വാസം പകർന്നിരുന്നു.

2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. മികച്ച കഥാപാത്രങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത താരമാണ് ജഗതി ശ്രീകുമാര്‍. താരത്തിന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Read also:‘ഒന്നും പറയാതെ അവനങ്ങ് പോയി’- അനിൽ പനച്ചൂരാനെ കുറിച്ച് ലാൽ ജോസ്

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ് ജഗതീ ശ്രീകുമാറിന്റെ അഭിനയമൊക്കെയും. എന്നാല്‍ ഒരു അപകടം കവര്‍ന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് ഇത് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളുകളാണ്.

അതേസമയം പരസ്യചിത്രത്തിനു പുറമെ രണ്ട് പുതിയ സിനിമകളുടെ കൂടെ ഭാഗമായി ജഗതി ശ്രീകുമാര്‍ എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ‘ബി നിലവറയും ഷാര്‍ജ പള്ളിയും’ എന്നാണ് ഒരു ചിത്രത്തിന്റെ പേര്. നവാഗതനായ സൂരജ് സുകുമാര്‍ നായരുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. അതേസമയം ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നുണ്ട് എന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Story Highlights:jagathy sreekumar 70th birthday