ആന്റണി വർഗീസ്- ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ‘അജഗജാന്തരം’ വരുന്നു; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാള സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കൂട്ടുകെട്ടാണ് ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ട്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ‘അജഗജാന്തരം’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർക്ക് പുറമെ ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്ജിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read also: ഈ ഹിൽ റേഞ്ചിൽ എത്തുന്നവരെ കാത്തിരിക്കുന്നത് വ്യത്യസ്തമായൊരു സംഗീതാനുഭവം
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ജിന്റോ ജോർജ് ഛായാഗ്രാഹകൻ ആകുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് ആണ് എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഫെബ്രുവരി 26ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Story Highlights: ajagajantharam movie first look