ആസിഫ് അലിയെ നായകനാക്കി അജയ് വാസുദേവ് ചിത്രം- ‘നാലാം തൂണ്’ ഒരുങ്ങുന്നു

January 28, 2021

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഷൈലോക്ക്, മാസ്റ്റർപീസ്, രാജാധിരാജ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് വാസുദേവ്. ആദ്യ മൂന്നു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ ഫേസ്ബുക്കിൽ അജയ് വാസുദേവ് പങ്കുവെച്ചു.

അജയ് വാസുദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം “നാലാം തൂൺ ” പൂജ ഇന്ന് രാവിലെ നടന്നു…അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം സ്വീകരിച്ചു പങ്കെടുത്ത എല്ലാവർക്കും കൊവിഡ് എന്ന മഹാമാരി കണക്കിലെടുത്തു മനസ്സുകൊണ്ട് ആശിർവാദം തന്നവർക്കും സർവേശ്വരനും നന്ദി. മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളിൽ ഒന്നായ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സാറാണ് എന്റെ നാലാമത്തെ ചിത്രം നിർമ്മിക്കുന്നത്.

ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറിൽ ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ട്…നാലാം തൂണിന്റെ തിരകഥ ഒരുക്കുന്നത് സുരേഷേട്ടനാണ് (എസ്. സുരേഷ് ബാബു),എന്റെ കഴിഞ്ഞ ചിത്രം ആയ ഷൈലോക്കിൽ സംഗീതം നിർവഹിച്ച ഗോപി സുന്ദർ, ക്യാമറ ചലിപ്പിച്ച റെനഡിവേ, എഡിറ്റിംഗ് നിർവഹിച്ച റിയാസ് കെ ബദർ,മേക്കപ്പ് നിർവഹിച്ച രഞ്ജിത്ത് അമ്പാടി , സൗണ്ട് മിക്സിങ് അജിത്ത് എ ജോർജ് എന്നിവർ ഈ ചിത്രത്തിലും എന്നോടൊപ്പം ഉണ്ട്.

ആദ്യമായി ആണ് പ്രൊഡക്ഷൻ കൺട്രോളർ സിധു പനക്കൽ ചേട്ടൻ ,ആർട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ ന്റെ കൂടെയും കോസ്റ്റും സുജിത് സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സേതു അടൂർ, എന്നിവരുടെയും കൂടെ വർക്ക്‌ ചെയ്യാൻ പോകുന്നത്. കഴിഞ്ഞ ചിത്രങ്ങളിൽ കൂടെ നിന്ന എന്റെ സഹപ്രവർത്തകർ ചീഫ് അസോസിയേറ്റ് കുടമാളൂർ രാജാജി,അസോസിറ്റ് ഡയറക്ടർസ് മനീഷ് ബാലകൃഷ്ണൻ, ഉനൈസ്,ജോമി, എന്നിവർ ഈ ചിത്രത്തിലും എന്റെ ബലമായി കൂടെ ഉണ്ട്.

പിന്നെ എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഗോകുലം മൂവീസിന്റെ കൃഷ്ണമൂർത്തി ചേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും… രാജാധിരാജക്കും, മാസ്റ്റർപീസിനും, ഷൈലോക്കിനും തന്ന സ്നേഹവും പ്രതികരണവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു..നന്ദിയോടെ നിങ്ങളുടെ സ്വന്തം അജയ് വാസുദേവ്.

Story highlights- ajay vasudev- asif ali movie