പരിക്കേറ്റ നായകൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ദമ്പതികൾ
മനുഷ്യനോട് ഏറ്റവും സ്നേഹവും കരുതലുമുള്ള വളർത്തുമൃഗമാണ് നായകൾ. പലപ്പോഴും നായകൾക്ക് മനുഷ്യരോടുള്ള സ്നേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ നായകൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്.
കാവേരിയ്ക്കും ഭർത്താവ് ഭരദ്വാജിനും സ്വന്തം മക്കളെപ്പോലെയാണ് നായകൾ. നോയിഡ സ്വദേശികളായ ദമ്പതികൾ പരിക്കേറ്റ നായകൾക്ക് വേണ്ടി തുടങ്ങിയ സ്ഥാപനമാണ് സോഫി മെമ്മോറിയൽ അനിമൽ റിലീഫ് ട്രസ്റ്റ്. കാവേരിയുടെയും ഭർത്താവ് ഭരദ്വാജിന്റെയും ആദ്യത്തെ നായയാണ് സോഫിയ. പന്ത്രണ്ടാമത്തെ വയസിൽ അസുഖത്തെ തുടർന്ന് സോഫി മരണമടഞ്ഞു. പിന്നീട് സോഫിയുടെ ഓർമ്മകളുടെ ഭാഗമായാണ് പരിക്കേറ്റ മൃഗങ്ങൾക്ക് വേണ്ടി സോഫിയുടെ പേരിൽ അനിമൽ റിലീഫ് ട്രസ്റ്റ് സ്ഥാപിച്ചത്. ഗ്രേറ്റർ നോയിഡയിലെ ആദ്യത്തെ മൃഗങ്ങൾക്കുള്ള സംരക്ഷണ കേന്ദ്രം കൂടിയാണിത്.
Read also:ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ അരങ്ങൊഴിഞ്ഞ സംവിധായകൻ; ഷാജി പാണ്ഡവത്തിന്റെ ഓർമ്മകളിലൂടെ
ഫ്രീലാൻസ് ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഫഷണലാണ് കാവേരിയുടെ ഭർത്താവ്. എന്നാൽ കൂടുതൽ സമയവും കാവേരിക്കൊപ്പം മൃഗങ്ങളെ പരിചരിക്കുകയാണ് ഭർത്താവ് ഭരദ്വാജും. വഴിയരികിലും മറ്റുമൊക്കെ പരിക്കേറ്റ് കഴിയുന്ന നായകളെ സ്വന്തം ട്രസ്റ്റിലെത്തിച്ച് പരിചരിക്കുകയാണ് ഇരുവരും ചേർന്ന്. പലപ്പോഴും നായകളുടെ സർജറിയ്ക്കും മറ്റുമായി വലിയ തുകയും ആവശ്യമായി വരാറുണ്ട്. ഇതിനുള്ള തുക ഇവർതന്നെയാണ് കണ്ടെത്തുന്നത്. ചിലപ്പോൾ കൈയിലുള്ള പണം തികയാതെ വരുമ്പോൾ ഫണ്ട് റൈസിംഗിലൂടെയാണ് ചികിത്സയ്ക്കാവശ്യമായ തുക ഇവർ കണ്ടെത്തുന്നത്. എന്തായാലും ഇതിനോടകം നൂറിലധികം നായകളെയാണ് ഇരുവരും ചേർന്ന് ജീവിതത്തിലേക്ക് എത്തിച്ചത്.
Story Highlights: Couple taking care of hundreds of disabled dogs