ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ അരങ്ങൊഴിഞ്ഞ സംവിധായകൻ; ഷാജി പാണ്ഡവത്തിന്റെ ഓർമ്മകളിലൂടെ

January 4, 2021

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. 62 വയസായിരുന്നു.

ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തെ മരണം കവർന്നത്. ഷാജി തിരക്കഥ ഒരുക്കി സംവിധാനം നിർവഹിച്ച ‘കാക്കത്തുരുത്ത്’ എന്ന ചിത്രം കഴിഞ്ഞ മാർച്ചിൽ പൂർത്തിയായതാണ്. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. അരൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കാലത്ത്, എഴുപുന്ന പഞ്ചായത്തിന്റെ ഭാഗമായ കാക്കത്തുരുത്ത് ദ്വീപിലെ ജീവിതങ്ങൾ ഷാജി പാണ്ഡവത്ത് തൊട്ടറിഞ്ഞതാണ്. ഇതിന്റെ വെളിച്ചത്തിലാണ് ‘കാക്കത്തുരുത്ത്’ എന്ന സിനിമ പിറന്നത്.

എന്നാൽ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം വെള്ളിത്തിരയിൽ എത്തുന്നതിന് മുൻപേ വിധി അദ്ദേഹത്തെ തിരികെ വിളിച്ചു. ഡിസംബർ 25 നാണ് കാക്കത്തുരുത്തിന്റെ സെൻസറിങ് പൂർത്തിയായത്. സെൻസറിങ്ങിനായി തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Read also:‘ഇത്രയും സ്നേഹപൂർവ്വം പെരുമാറുന്ന സിനിമാ നടൻമാർ ഉണ്ടോ?’- ജയസൂര്യയെകുറിച്ച് കൊച്ചി മേയർ

ആശുപത്രിക്കിടക്കയിൽ വെച്ചാണ് ചിത്രത്തിന് സെൻസറിങ് ലഭിച്ച വിവരം അദ്ദേഹം അറിഞ്ഞത്. എന്നാൽ ചിത്രം റിലീസ് ചെയ്തുകാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചില്ല. കൊറോണയ്ക്ക് ശേഷം കാക്കത്തുരുത്ത് വരുമെന്നുള്ള പോസ്റ്റർ അദ്ദേഹം സോഷ്യൽ മീഡിയയിൽ നേരത്തെ പങ്കുവെച്ചിരുന്നു.

എഴുത്തുകാരനിൽ നിന്നും സിനിമയിലേക്കെത്തിയ അദ്ദേഹം കല- സാംസകാരിക പ്രവർത്തനങ്ങളിൽ വർഷങ്ങളോളം നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.

Story Highlights: scriptwriter shaji pandavath passed away