റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റാകാന്‍ തയാറെടുത്ത് ഭാവ്‌നാ കാന്ത്

January 20, 2021
First woman fighter pilot to make Republic Day debut

ജനുവരി 26, റിപ്പബ്ലിക് ദിന പരേഡില്‍ പുതിയൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ഭാവ്‌നാ കാന്ത്. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് എന്ന റെക്കോര്‍ഡാണ് ഇവര്‍ സ്വന്തം പേരിലാക്കുന്നത്. പരേഡില്‍ സേനയുടെ ദിശ്ചലദൃശ്യത്തിനൊപ്പം ഭവ്‌നാ കാന്തും ഉണ്ടാകും.

നിരവധിപ്പേരാണ് ഭാവ്‌നാ കാന്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇന്ത്യയുടെ അഭിമാന നിമിഷം എന്നാണ് ഭാവ്‌നാ കാന്തിനെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാള്‍ക്കൂടിയാണ് ഭാവ്‌നാ.

Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’

ചെറുപ്പം മുതല്‍ക്കേ റിപ്പബ്ലിക് ദിന പേരഡില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു ഭാവ്‌നാ കാന്ത്. ഇത്തവണ പരേഡില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ നിറഞ്ഞ സന്തോഷവുമുണ്ട് ഇവര്‍ക്ക്. റഫാലും സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറത്തണമെന്നും ഭാവ്‌നാ കാന്ത് സ്വപ്‌നം കാണുന്നു.

ബീഹാറിലെ ബേഗുസരായ് എന്ന ഗ്രാമമാണ് ഭാവ്‌നാ കാന്തിന്റെ സ്വദേശം. 2016-ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതാണ് ഈ പെണ്‍കരുത്ത്. 2018-ലാണ് ഇവര്‍ യുദ്ധ വിമാനം പറപ്പിക്കുന്നതിനുള്ള യോഗ്യത നേടിയത്. റഷ്യന്‍ നിര്‍മിത യുദ്ധവിമാനമായ മിഗ് 21 ബൈസാണ് നിലവില്‍ ഭാവ്‌നാ പറത്തുന്നത്.

Story highlights: First woman fighter pilot to make Republic Day debut- Bhawana Kanth