ജോജുവായി ആര്‍ കെ സുരേഷ്; ‘ജോസഫ്’ തമിഴ് റീമേക്ക് ടീസർ

January 1, 2021
joseph tamil remake visithiran teaser

ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ജോജു ജോര്‍ജ് മുഖ്യകഥാപാത്രമായി നിറഞ്ഞാടിയ ‘ജോസഫ്’. ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നുവെന്ന വാർത്ത നേരത്തെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിചിത്തിരൻ എന്നാണ് ജോസഫിന്റെ തമിഴ് റീമേക്കിന് പേര് നൽകിയിരിക്കുന്നത്.

തമിഴ് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നതും എം പത്മകുമാര്‍ ആണ്. നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷ് ആണ് തമിഴ് പതിപ്പില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രത്തിനു വേണ്ടിയുള്ള ആര്‍ കെ സുരേഷിന്റെ മേക്ക്ഓവര്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. തമിഴ് സംവിധായകന്‍ ബാലയാണ് തമിഴില്‍ ചിത്രം നിര്‍മിക്കുന്നത്. ഷംന കാസിം, മധു ശാലിനി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അന്തരിച്ച താരം അനിൽ മുരളിയുടെ അവസാന ചിത്രം കൂടിയാണിത്.

Read also:അമ്പിളിയ്ക്ക് ശേഷം ജോൺ പോളിന്റെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു; നായകനായി പൃഥ്വിരാജ്

ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ്. ഈ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ‘ജോസഫ്’ എന്ന ചിത്രം. തീയേറ്ററുകളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു ‘ജോസഫ്’. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രീയ നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story Highlights: joseph tamil remake visithiran teaser