വളര്‍ത്തുമൃഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ദ്വീപില്‍ ആകെയുള്ളത് ഒരു പൂച്ച; ഇത് കേഷയുടെ കഥ
ഓരോ ദേശങ്ങള്‍ക്കും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും പൈതൃകങ്ങളുമൊക്കെയാണ്. ഇതുതന്നെയാണ് ഓരോ ഇടങ്ങളുടേയും പ്രധാന സവിശേഷതകളില്‍ ഒന്നും. സ്പിറ്റ്സ്ബെര്ഗെന് ദ്വീപ്സമൂഹത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വിലക്കുണ്ട്. കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന ചില പക്ഷികളും മുയലുകളുമല്ലാതെ മറ്റ് വളര്‍ത്തുമൃഗങ്ങളൊന്നും ഇവിടെയില്ല. എന്നാല്‍ ഈ വിലക്കുകളെ മറികടന്ന് ദ്വീപിലെത്തിയ ഒരു പൂച്ചയുണ്ട്; കേഷ.
ആര്‍ട്ടിക് സമുദ്രത്തിലെ നോര്‍വീജിയന്‍ ദ്വീപ്സമൂഹമാണ് സ്പിറ്റ്സ്ബെര്ഗെന്. റഷ്യക്കാരും നോര്വേക്കാരുമാണ് പ്രധാനമായും ഇവിടെ താമസിക്കുന്നത്. മൂവായിരത്തില്‍ താഴെയാണ് ദ്വീപ് നിവാസികളുടെ എണ്ണം. കൂടുതല്‍ ആളുകളും താമസിക്കുന്നത് ദ്വീപിലെ ബാരെന്റ്സ്ബെര്ഗ് എന്ന ഗ്രാമത്തിലാണ്. ഈ ഗ്രാമത്തിന് മുഴുവന്‍ പ്രിയപ്പെട്ടതാണ് കേഷ പൂച്ച എന്നതും കൗതുകം നിറയ്ക്കുന്നു.
തണുപ്പേറിയ പ്രദേശമാണ് ഈ ദ്വീപ്. ശൈത്യകാലത്ത് -16 വരെയാണ് ഇവിടെ രേഖപ്പെടുത്തുന്ന താപനില. മഞ്ഞുമൂടിയ സ്പിറ്റ്സ്ബെര്ഗെനില് ധ്രുവക്കരടികളും ധാരാളമുണ്ട്. ധ്രുവക്കരടികളില്‍ നിന്നും പേ വിഷബാധ ഏല്‍ക്കാതിരിക്കാനാണ് ഇവിടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് വിലക്ക് ഏര്പ്പെടുത്തിയരിയ്ക്കുന്നത്. എന്നാല്‍ പ്രത്യേക അനുമതിയോടെ കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷികളെയും മുയലിനേയും ദ്വീപിലെത്തിക്കാം.
Read more: മൂന്ന് തവണ കപ്പലില്‍ ആഴക്കടലില്‍ മുങ്ങിയിട്ടും മരണത്തെ അതിജീവിച്ച പൂച്ച; ഇത് ‘അണ്‍സിങ്കബിള്‍ സാം’
നിരോധനം ശക്തമാണെങ്കിലും കേഷ പൂച്ചയെ ആരാണ് ദ്വീപില്‍ എത്തിച്ചത് എന്ന കാര്യത്തില്‍ ഇന്നും വ്യക്തതയില്ല. എന്നാല്‍ പോളാര്‍ ഫോക്സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് റഷ്യക്കാരാണ് പൂച്ചയെ ദ്വീപിലെത്തിച്ചത് എന്ന് പറയപ്പെടുന്നു. ഏകദേശം പന്ത്രണ്ട് വര്‍ഷമായി പൂച്ച ദ്വീപിലെത്തിയിട്ട്. ആകെയുള്ള ഒരു പൂച്ച ആയതുകൊണ്ടുതന്നെ എല്ലാവരുടേയും സ്നേഹവും പരിചരണവുമൊക്കെ കേഷ ഏറ്റുവാങ്ങുന്നു. എന്തിനേറെ പറയുന്നു ദ്വീപിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കിടയില്‍ പോലും ഒരു പ്രധാന ആകര്‍ഷണമാണ് ഈ പൂച്ച.
Story highlights: Kesha, the only cat in the entire Arctic Ocean archipelago