അറിയാം രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ എന്ന സാധാരണക്കാരനായ ആ വലിയ മനുഷ്യനെ

January 26, 2021
life of ALI MANIKFAN

അലി മണിക്ഫാൻ എന്ന പേര് ഇപ്പോൾ പലർക്കും സുപരിചിതമായിരിക്കും. ഈ വർഷത്തെ പത്മശ്രീ നൽകി ഇന്ത്യ ആദരിച്ചവരിൽ ഒരാളാണ് അലി മണിക്ഫാൻ. എന്നാൽ ആരാണ് ഇദ്ദേഹം എന്ന് ചിന്തിക്കുന്നവരും ചിലപ്പോൾ നമുക്കിടയിൽ ഉണ്ടാകാം. സാധാരണക്കാരുടെ ഇടയിൽ ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്ന വ്യക്തിയാണ് അലി മണിക്ഫാൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെ പലർക്കും അറിയില്ലതാനും. എടുപ്പിലും നടപ്പിലുമൊക്കെ ഒരു സാധാരണക്കാരൻ ആണെങ്കിലും കടലും കരയും ആകാശവും ബഹിരാകാശവും വരെ കൃത്യമായി നിരീക്ഷിച്ച് പഠിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങൾ ഒരുക്കിക്കഴിഞ്ഞു അലി മണിക്ഫാൻ.

മിനിക്കോയ് എന്ന ചെറു ദ്വീപിലെ ഒരു സാധാരണ കുടുംബത്തിലാണ് അലി മണിക്ഫാൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം സ്‌കൂളിൽ നിന്നും നേടിയ അദ്ദേഹം ബാക്കിയുള്ള വിദ്യാഭ്യാസം സ്വയമേ ആർജ്ജിച്ചെടുത്തതാണ്. സ്വന്തമായി പതിനാലിലധികം ഭാഷകൾ പഠിച്ചെടുത്ത അദ്ദേഹം സമുദ്ര ഗവേഷകൻ, കൃഷി ശാസ്ത്രജ്ഞൻ, സാമൂഹ്യ ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രകൃതി നിരീക്ഷകൻ, കപ്പൽ നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്‌തി നേടിക്കഴിഞ്ഞു. അധ്യാപകനായും കേന്ദ്ര സർക്കാരിന്റെ ചീഫ് സിവിൽ ഓഫീസറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

Read also:പത്മഭൂഷൺ നിറവിൽ മലയാളികളുടെ വാനമ്പാടി; കെ എസ് ചിത്രയ്ക്ക് ആശംസകളുമായി സംഗീതലോകം

അലി മണിക്ഫാൻ കണ്ടെത്തിയ മത്സ്യ സ്പീഷ്യസാണ് അബൂഡഫ്ഡഫ് മണിക്ഫാനി എന്നറിയപ്പെടുന്ന മത്സ്യവർഗം. ഇതിനോടകം തന്നെ നാനൂറിൽപ്പരം മത്സ്യ ഇനങ്ങളെ തിരിച്ചറിയാൻ മണിക്ഫാന് കഴിഞ്ഞിട്ടുണ്ട്. നിരവധി കണ്ടുപിടുത്തങ്ങളുമായി വലിയൊരു ഗവേഷകലോകം തന്നെ ഒരുക്കിക്കഴിഞ്ഞു അലി മണിക്ഫാൻ എന്ന ശാസ്ത്രജ്ഞൻ.

Story Highlights: life of ali manikfan