‘കുഞ്ഞു കുഞ്ഞാലി’ ഫെബ്രുവരിയിലെത്തും- ആദ്യഗാനം പുറത്തുവിടാനൊരുങ്ങി മോഹൻലാൽ
മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’. മലയാള സിനിമയിൽ ഏറ്റവുമധികം ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന ഖ്യാതിയോടെയാണ് മരക്കാർ പ്രദർശനത്തിന് എത്തുന്നത്. മുൻപ് പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റിയെങ്കിലും ഉടൻ തന്നെ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്ന സൂചന നൽകി ആദ്യ ഗാനം പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിലെ കുഞ്ഞുകുഞ്ഞാലി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിടുന്നതായി മോഹൻലാലാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഫെബ്രുവരി അഞ്ചിനാണ് ഗാനം ആസ്വാദകരിലേക്ക് എത്തുന്നത്. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാർ, കെഎസ് ചിത്ര, ശ്രേയ ഘോഷാൽ, വിനീത് ശ്രീനിവാസൻ എന്നിവർ മരക്കാറിനായി പാടുന്നു.
മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്.
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
Read More: ബേക്കറി കഥയുമായി അജു- ‘സാജൻ ബേക്കറി സിൻസ് 1962’ ട്രെയ്ലർ
തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Story highlights- marakkar song release