കുതിരപ്പുറത്തേറി ധനുഷ്; ശ്രദ്ധനേടി ‘കർണൻ’ പോസ്റ്റർ

January 2, 2021

ധനുഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം കർണന്റെ പുതിയ പോസ്റ്ററാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. കൈയിൽ വാളുമായി കുതിരപ്പുറത്ത് വരുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണുന്നത്. പശ്ചാത്തലത്തിൽ അണിനിരന്ന് നിൽക്കുന്ന പട്ടാളക്കാരെയും ചിത്രത്തിൽ കാണാം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കർണൻ.

ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം. സംഗീത സംവിധാനം സന്തോഷ് നാരായണനാണ്. ശക്തമായ നാടൻ കഥാപാത്രമായാണ് കർണനിൽ ധനുഷ് എത്തുന്നത്. പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മാരി സെൽ‌വരാജിന്റെ ചിത്രത്തിൽ ധനുഷ് വേഷമിടുമ്പോൾ ആരാധകരും ആകാംക്ഷയിലാണ്.

Read also:മരയ്ക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചു; മാർച്ച് 26 ന് ചിത്രം പ്രേക്ഷകരിലേക്ക്

അതേസമയം, ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.

Story Highlights: Mari Selvaraj film Karnan poster