തകർപ്പൻ ചുവടുകളുമായി വിജയ്; ‘വാത്തി’ പ്രമോ ഏറ്റെടുത്ത് ആസ്വാദകർ, വീഡിയോ

January 6, 2021

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ജനുവരി 13 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ‘വാത്തി’ ഗാനത്തിന്റെ പ്രോമോ വീഡിയോ. തകർപ്പൻ ചുവടുകളുമായി എത്തുന്ന വിജയ് തന്നെയാണ് ഗാനത്തിലെ പ്രധാന ആകർഷണം.

ഗാന ബാലചന്ദറിന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഇരുവരും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷമുള്ള തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ

Read also: കൊവിഡ് വാക്സിനുകളായ കൊവിഷീൽഡ്, കൊവാക്സിൻ- പ്രത്യേകതകൾ അറിയാം

വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. 

Story Highlights: Master Vaathi Promo Song Video