‘ഇതിഹാസവും ഇതിഹാസമാകുന്ന താരവും മാസ്റ്റർ റൈറ്ററും’- ആവേശമായി ശങ്കർ രാമകൃഷ്ണൻ പങ്കുവെച്ച ചിത്രം
മലയാള സിനിമയിലെ ഇതിഹാസ താരമാണ് മോഹൻലാൽ. യുവതാരങ്ങളിൽ അഭിനയത്തിൽ വിസ്മയിപ്പിച്ച് മുന്നേറുകയാണ് ഫഹദ് ഫാസിൽ. ഇരുവരും ഒന്നിച്ച് രഞ്ജിത്തിന്റെ സംവിധാനത്തിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ഒരു സിനിമയിൽ ഒന്നിച്ചാലോ? അത്തരമൊരു സൂചനയാണ് നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ നൽകുന്നത്. മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും രഞ്ജിത്ത് ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ശങ്കർ രാമകൃഷ്ണൻ പങ്കുവയ്ക്കുന്നത്.
‘ഒരു ഇതിഹാസവും, ഇതിഹാസമാകുന്ന താരവും, മാസ്റ്റർ റൈറ്ററും’ എന്ന ക്യാപ്ഷനൊപ്പമാണ് ശങ്കർ രാമകൃഷ്ണൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ വളരെ വേഗം വൈറലായി മാറി. മൂന്നുപേരും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന സൂചനയാണ് ചിത്രം നൽകുന്നത്.
മുൻപ്, റെഡ് വൈൻ എന്ന ചിത്രത്തിനായി മോഹൻലാലും ഫഹദ് ഫാസിലും ഒന്നിച്ചിരുന്നു. റെഡ് വൈനിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരണം അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ വേഷമിട്ടത്. അതുകൊണ്ടു തന്നെ ഒന്നിച്ചുള്ള രംഗങ്ങൾ ഉണ്ടായിരുന്നില്ല. എന്തായാലും ഇതിഹാസങ്ങൾ ഒന്നിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.
Story highlights- mohanlal and fahad fazil with director renjith