റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രങ്ങൾ; ആറാട്ടും മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും തിയേറ്ററിലേക്ക്

January 23, 2021
mohanlal films

മലയാളികൾക്ക് എന്നും ആവേശമാണ് മോഹൻലാൽ ചിത്രങ്ങൾ. കൊവിഡിന് ശേഷം ചലച്ചിത്രമേഖല ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. അത്തരത്തിൽ മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രങ്ങളാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ദൃശ്യം-2 എന്നിവ. ദൃശ്യം-2 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുമ്പോൾ മറ്റ് രണ്ട് ചിത്രങ്ങളും തിയേറ്റർ റിലീസിനൊരുങ്ങുകയാണ്.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26 ന് തിയേറ്ററിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രം ഓണം റിലീസായിരിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം മോഹൻലാൽ നായകനാകുന്ന ആറാട്ട് ആഗസ്റ്റ്-12 നായിരിക്കും തിയേറ്ററിൽ എത്തുക. ബി ഉണ്ണിഷ്ണനാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. 

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

Read also:‘പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന എന്റെ വളർത്തു പുത്രന് ഒരായിരം പിറന്നാൾ ഉമ്മകൾ’- കണ്ണന് പിറന്നാൾ ആശംസിച്ച് പൈങ്കിളി

അതേസമയം റിലീസിനൊരുങ്ങുന്ന മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ് ദൃശ്യം-2 , റാം എന്നിവ. ദൃശ്യം-2 ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസിനൊരുങ്ങുന്നത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം-2. 

Story Highlights: Mohanlal films and release date