ബുദ്ധമത തീർത്ഥാടകരുടെ പ്രിയപ്പെട്ട ഇടമായി ഹിൻബ്യൂം പഗോഡ; മരതകങ്ങളാൽ ഒരുക്കിയ നിർമിതിയ്ക്ക് പിന്നിൽ…
പഗോഡകൾക്ക് പേരുകേട്ട നാടാണ് മ്യാന്മാർ, ഇവിടുത്തെ സുന്ദരമായ പഗോഡകളുടെ നിർമിതി ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. വിനോദസഞ്ചാരികളെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു നിർമിതിയാണ് ഹിൻബ്യൂം പഗോഡ. വടക്കുപടിഞ്ഞാറൻ ബർമയിലെ മിൻഗുൻ എന്ന പട്ടണത്തിലാണ് ഈ പഗോഡ സ്ഥിതിചെയ്യുന്നത്. തിരമാലപോലെയുള്ള മതിലുകളോട് കൂടിയ വെള്ളനിറത്തിലുള്ള ഒരു നിർമിതിയാണ് ഹിൻബ്യൂം പഗോഡ. കാഴ്ചയിൽ അതിശയിപ്പിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ കെട്ടിടം ഒരു ആരാധനാലയമാണ്.
നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന മരതകങ്ങളാണ് ഈ കെട്ടിടത്തെ കൂടുതൽ ആകർഷകമാക്കുന്നത്. ഒരു ലക്ഷത്തോളം മരതകങ്ങളാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പഗോഡയുടെ മതിലുകൾ പടിക്കെട്ടുകളാണ്. സന്ദർശകർക്ക് പഗോഡയുടെ മുകളിലേക്ക് കയറാനുള്ള ഗോവണികളാണ് ഈ മതിലുകളിൽ.
Read also:ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ
കോൺബാംഗ് രാജാവംശത്തിലെ ബാഗിതാവ് രാജാവാണ് ഈ മനോഹരമായ നിർമിതിയ്ക്ക് പിന്നിൽ. 1816 -ലാണ് ഈ നിർമിതി ഒരുക്കിയത്. പ്രസവത്തോടെ മരിച്ചുപോയ അദ്ദേഹത്തിന്റെ ഭാര്യയുടെ സമരണാർത്ഥമാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. അതേസമയം ബുദ്ധമത തീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായ പഗോഡയ്ക്ക് അവിടെ എത്തി പ്രാർത്ഥിക്കുന്നവരുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാനുള്ള ശക്തിയുണ്ടെന്നാണ് അവരുടെ വിശ്വാസം.
Story Highlights: Mysterious Beauty of Hsinbyume Pagoda