ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ

January 28, 2021
Tsultim Chonjor conferred with Padma Shri award

രാജ്യം ഈ വർഷം പത്മശ്രീ നൽകി ആദരിച്ചവരിൽ ഒരാളാണ് സുൽട്രീം ചോൻജോർ. ലഡാക്ക് സ്വദേശിയായ ഈ 79- കാരനെത്തേടി പത്മശ്രീ അംഗീകാരം എത്തിയത് സ്വന്തം ഗ്രാമത്തിലുള്ളവർക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തി റോഡ് നിർമിച്ചതിനാലാണ്. റോഡ് നിർമാണത്തിനായി സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും സമ്പാദ്യവുമെല്ലാം അദ്ദേഹം വിറ്റു.

ലഡാക്കിലെ സാൻസ്കർ താഴ്വരയിലെ ഒറ്റപെട്ടു കിടക്കുന്ന ഒരു ഗ്രാമമായ സ്റ്റോങ്ഡെയിലാണ് ചോൻജോർ റോഡ് ഒരുക്കിയത്. സമുദ്രനിരപ്പിൽ നിന്നും 11,500 മുതൽ 23,000 അടിവരെ ഉയരത്തിലാണ് സ്റ്റോങ്ഡെയി ഗ്രാമം സ്ഥിതിചെയ്യുന്നത്. യാത്ര ചെയ്യാൻ ഒരു റോഡില്ലാത്തത് ഈ ഗ്രാമത്തിലെ എല്ലാ വികസനപ്രവർത്തനങ്ങൾക്കും വലിയ തടസമായി നിലകൊണ്ടിരുന്നു.

Read also:അന്ന് രോഗിയായ അച്ഛനെയുംകൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോതി കുമാരിയെത്തേടി രാഷ്‌ട്ര ബാൽ പുരസ്‌കാരം

അധികാരികളുടെ ഭാഗത്ത് നിന്നും വേണ്ട രീതിയിലുള്ള സഹകരണങ്ങൾ ലഭിക്കാതെ വന്നതോടെ സംസ്ഥാന കരകൗശല വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന ചോൻജോർ സ്വന്തമായി ഒരു റോഡ് ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. റോഡ് നിർമാണത്തിനായി സ്വന്തമായി ഉണ്ടായിരുന്നതെല്ലാം വിറ്റ് ചോൻജോർ 57 ലക്ഷം രൂപ സമ്പാദിച്ചു. നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ വലിയ വെല്ലുവിളികളെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. റോഡ് നിർമിക്കുന്നതിനെ അനുകൂലിച്ച് ഒരുക്കൂട്ടം നാട്ടുകാരും അദ്ദേഹത്തിന് ഒപ്പം ചേർന്നു.

സമുദ്രനിരപ്പിൽനിന്നും ശരാശരി 3500 മീറ്ററോളം ഉയർന്ന പ്രദേശത്തിലൂടെയുള്ള റോഡ് നിർമാണം അതികഠിനമായിരുന്നു. ഈ കാലഘട്ടത്തിൽ ചോൻജോറിന്റെ ആരോഗ്യനിലയും വളരെ മോശമായി. ഇതിലും തളരാതെ അദ്ദേഹം ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലുള്ള ഒരു റോഡ് അവിടെ ഒരുക്കി. പിന്നീട് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഈ റോഡിന്റെ നിർമാണം ഏറ്റെടുത്തു. ഗ്രാമത്തിൽ റോഡ് നിർമിക്കുന്നതിനായി സ്വന്തം സമ്പാദ്യവും ആരോഗ്യവും ചിലവഴിച്ച അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Story Highlights:Tsultim Chonjor conferred with Padma Shri award