പത്മശ്രീ ഡോ. പ്രേമ ധൻരാജ്; എട്ടാം വയസിലേറ്റ ഗുരുതര പൊള്ളല്‍.. ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടർ..!

February 1, 2024

തന്റെ 8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖംതന്നെ മാറിയ ജീവിതം. ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടി ഡോ. പ്രേമ ധന്‍രാജ്. തനിക്ക് എട്ടുവയസുള്ളപ്പോള്‍ ചായ തിളപ്പിക്കാനായി അടുക്കളയില്‍ കയറി തീപ്പെട്ടിയുരച്ച് മണ്ണെണ്ണ സ്റ്റൗ കത്തിച്ചതും പൊട്ടിത്തെറിച്ചു. മുഖവും കഴുത്തുമുള്‍പ്പെടെ ശരീരത്തിന്റെ 50 ശതമാനവും പൊള്ളലേറ്റു. ( Burns survivor Dr Prema Dhanraj earns Padmashri recognition )

ആറു മാസത്തെ ആശുപത്രി ജീവിതത്തിനിടയില്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്കാണ് പ്രേമ വിധേയയായി. ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും മുഖം പാടേമാറി. പലരും പേടിച്ച് മുഖംതിരിക്കുന്നതും പതിവായിരുന്നു. ഇതോടെ പ്രേമയുടെ വീട്ടിലെ കണ്ണാടികളെല്ലാം ഒഴിവാക്കി. 1965 മുതല്‍ 1971 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ പ്രേമ 14 സര്‍ജറികള്‍ക്കാണ് വിധേയയായി.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൈവറ്റായിട്ടാണ് പ്രേമ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ മികവ് തുടര്‍ന്ന പ്രേമ മെഡിക്കല്‍ വിദ്യാര്‍ഥിനിയായി. ഹൂബ്ലി മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ പ്രേമ 1980ല്‍ രോഗിയായി കിടന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ തന്നെ ഡോക്ടറായെത്തി. ഇതിനിടയില്‍ പൊള്ളലേറ്റവരെ ശുശ്രൂഷിക്കാനായി ലുധിയാനയില്‍ നിന്നും പ്ലാസ്റ്റിക് സര്‍ജറിയില്‍ ഉപരിപഠനവും നടത്തി. അതിജീവനത്തെയും സേവനത്തെയും മാനിച്ച് 72-കാരിയായ പ്രേമയ്ക്ക് രാജ്യം ഇത്തവണ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയായിരുന്നു.

Read Also : പൂജയ്ക്ക് ഉപയോഗിച്ച പൂക്കളിൽ നിന്ന് 100 കോടി വരുമാനം; സുഗന്ധം പരത്തി ഫൂൽ.കോ!

2002-ല്‍ പൊള്ളലേറ്റവരെ ശുശ്രുഷിക്കാന്‍ ബെംഗളൂരു ആസ്ഥാനമായി ‘അഗ്നിരക്ഷ’ എന്ന സംഘടനയും അവര്‍ സ്ഥാപിച്ചു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അധ്യക്ഷയുമായി. പൊള്ളലേറ്റവരെ സഹായിക്കാനായി 1999-ലാണ് 15 കിടക്കകളുള്ള ആശുപത്രി തുടങ്ങിയത്. ഇതുവരെ 25,000 പേര്‍ക്കാണ് ഈ സംഘടനയുടെ കീഴില്‍ സൗജന്യ ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്.

Story highlights : Burns survivor Dr Prema Dhanraj earns Padmashri recognition