ആരാണ് രാഷ്ട്രപതിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങിയ ആ ഓറഞ്ച് വിൽപ്പനക്കാരൻ…

November 9, 2021

മംഗളൂരുവിലെ തിരക്കുള്ള നഗരത്തിലൂടെ കടന്നുപോകുമ്പോൾ കൈയിൽ ഒരു വള്ളിക്കൊട്ടയിൽ നിറയെ ഓറഞ്ചുമായി നടക്കുന്ന ഒരാളെ നാം ചിലപ്പോൾ കണ്ടുമുട്ടിയേക്കാം… രാഷ്ട്രപതിയിൽ നിന്നും ഇത്തവണ പദ്മശ്രീ ഏറ്റുവാങ്ങിയ ഹരേകള ഹജ്ജബ്ബ എന്ന ക്ഷീണിതനായ ആ മനുഷ്യനായിരിക്കാം ചിലപ്പോൾ അത്.

1970 മുതൽ മംഗളൂരുവിലെ എല്ലാ തെരുവുകൾക്കും പരിചിതനാണ് ഹരേകള ഹജ്ജബ്ബ. വർഷങ്ങളായി കത്തുന്ന വെയിലോ, കനത്ത മഴയോ പോലും കാര്യമാക്കാതെ ഹരേകള ഓറഞ്ച് കുട്ടകളുമായി നടക്കുന്നത് തന്റെ കുടുംബത്തിന് വേണ്ടി മാത്രമല്ല വലിയൊരു ഗ്രാമത്തിന് വേണ്ടി മുഴുവനാണ്…

ന്യൂപദപ്പ് എന്ന ഗ്രാമത്തിലാണ് ഹരേകള കുടുംബത്തിനൊപ്പം താമസിക്കുന്നത്. മംഗളൂരു നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഉൾവലിഞ്ഞ ഒരുഗ്രാമമാണ് ന്യൂപദപ്പ്. ആവശ്യത്തിന് ഗതാഗത സൗകര്യങ്ങളോ, നല്ല കെട്ടിടങ്ങളോ ഒന്നുമില്ലാത്ത ഒരു കൊച്ചുഗ്രാമം. ഈ ഗ്രാമത്തിന്റെ നടുക്കെത്തിയാൽ അവിടെ ഒരു സ്കൂളുകാണാം. അതാണ് ആ നാട്ടിലെ ആകെയുള്ള പുരോഗമനത്തിന്റെ ഒരേയൊരു തെളിവ്. എന്നാൽ ഈ സ്കൂൾ സ്ഥാപിച്ചത് ആ നാട്ടിലെ അധികാരികളോ ഗവൺമെന്റോ അല്ല.. നാം നേരത്തെ പറഞ്ഞ ആ ക്ഷീണിതനായ ഓറഞ്ച് വിൽപ്പനക്കാരനാണ്.

തന്റെ ഓറഞ്ച് വിൽപ്പനയിൽ പോലും എഴുത്തും വായനയും ഒരു വിലങ്ങ് തടിയായതോടെയായിരുന്നു ഗ്രാമത്തിൽ ഒരു സ്കൂൾ എന്ന ചിന്ത ഹരേകളയിൽ ഉണ്ടായത്. തന്റെ അവസ്ഥ ഇനി അടുത്ത തലമുറയ്ക്ക് ഉണ്ടാകരുത് എന്ന ദൃഢനിശ്‌ചയം ന്യൂപദപ്പിൽ ഒരു സ്കൂൾ കെട്ടിടം ഉയർന്നുപൊങ്ങാൻ കാരണമായി. ഗ്രാമത്തിലെ മുസ്ലിം പള്ളിയുടെ ഒരു കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സ്കൂൾ.

Read also: ജയ് ഭീമിലെ പ്രധാന ആകർഷണമായി കോടതി മുറി, 150 വർഷം പഴക്കമുള്ള കെട്ടിടം സിനിമയ്ക്കായി പുനഃസൃഷ്ടിച്ചപ്പോൾ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

ആദ്യമൊക്കെ അദ്ദേഹത്തിന്റെ സ്കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എഴുത്തും വായനയും കടന്നുചെല്ലാത്ത ആ ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കേണ്ടതും അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്വമായിരുന്നു. സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കിയാണ് സ്കൂളിൽ പഠിപ്പിക്കാൻ അധ്യാപകരെയും അദ്ദേഹം ഇവിടേക്ക് എത്തിച്ചത്. പിന്നീട് സ്കൂളിന് അംഗീകാരം ലഭിക്കുന്നതിനായി പല ഓഫീസുകളിലായി കയറിയിറങ്ങിയപ്പോഴാണ് സ്വന്തമായി കെട്ടിടം ഉണ്ടെങ്കിൽ മാത്രമേ സ്കൂളിന് അംഗീകാരം ലഭിക്കൂ എന്നദ്ദേഹം അറിഞ്ഞത്. ഇതോടെ ഒട്ടിയവയറും ഓറഞ്ചുകുട്ടയുമായി അദ്ദേഹം കൂടുതൽ സമയം ജോലി ചെയ്‌തു. അങ്ങനെ ഏറെ ബുദ്ധിമുട്ടുകൾക്ക് ശേഷം ഇന്ന് കാണുന്ന രീതിയിൽ നിരവധിപേർക്ക് അക്ഷരത്തിന്റെ വെളിച്ചമായി അദ്ദേഹത്തിന്റെ സ്കൂൾ ഉയർന്നുപൊങ്ങി.

ഒരു ഗ്രാമത്തിന് മുഴുവൻ അക്ഷരത്തിന്റെ പ്രകാശമായ ഈ മനുഷ്യനെ ഇതോടെ ലോകം അംഗീകരിച്ചു. ആ അംഗീകാരത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു രാഷ്ട്രപതിയിൽ നിന്നും കഴിഞ്ഞ ദിവസം അദ്ദേഹം സ്വീകരിച്ച പദ്മശ്രീ…

Story highlights: Orange Seller From Karnataka Awarded Padma Shri