കൊവിഡിനോട് പോരാടിയത് നീണ്ട 243 ദിവസങ്ങൾ; ഇത് അമ്പത്തൊമ്പതുകാരന്റെ അതിജീവനത്തിന്റെ കഥ
കൊറോണക്കാലത്തിന്റെ നിരവധി വേദനപ്പിക്കുന്ന കഥകൾക്കൊപ്പം അതിജീവനത്തിന്റെ കഥകളും നാം കേട്ടുകഴിഞ്ഞു. അത്തരത്തിൽ 243 ദിവസങ്ങൾ കൊറോണയെ നേരിട്ട നിക്കോളാസ് സിന്നോസ് എന്ന അമ്പത്തൊമ്പതുകാരനാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെടുന്നത്. കൊവിഡ്-19 ബാധിച്ച് ഏതാണ്ട് എല്ലാ അവയവങ്ങളും തകരാറിലായി ദിവസങ്ങളോളം വെന്റിലേറ്ററിൽ ആയിരുന്നു നിക്കോളാസ്. നീണ്ട കാലത്തെ ആശുപത്രിവാസത്തിന് ശേഷം തിരികെ വീട്ടിൽ എത്തിയിരിക്കുകയാണ് ഈ അമ്പത്തൊമ്പതുകാരൻ.
ബ്രിട്ടീഷ് എയർവെയ്സിൽ പൈലറ്റായിരുന്നു നിക്കോളാസ്. എട്ട് മാസത്തോളം കൊറോണ വൈറസ് ബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞ നിക്കോളാസ് ജീവിതത്തിലേക്ക് തിരികെ വന്നതിന് പിന്നിൽ സ്വന്തം ഭാര്യയുടെ കരുതലും സ്നേഹവും മാത്രമാണെന്ന് പറയുകയാണ് ആശുപത്രിജീവനക്കാർ. ആശുപത്രിയിൽ കഴിഞ്ഞ ഓരോ നിമിഷവും നിക്കോളാസിന്റെ ഒപ്പം തന്നെയുണ്ടായിരുന്നു ഭാര്യ നിക്കോള.
നിക്കോളാസിന്റെ എല്ലാ അവയവങ്ങളെയും കൊവിഡ് ബാധിച്ചിരുന്നു. ഇതിനെയെല്ലാം തരണം ചെയ്ത് വീണ്ടും ജീവിതത്തിലേക്ക് അദ്ദേഹം തിരികെ വന്നതിന്റെ സന്തോഷത്തിലാണ് ആശുപത്രി ജീവനക്കാരും. അതേസമയം കൊറോണയെ അതിജീവിച്ചത് അതികഠിനമായിരുന്നു എന്നാണ് നിക്കോളാസ് പറയുന്നത്. എന്നാൽ തനിക്ക് മികച്ച പിന്തുണയാണ് ഭാര്യയും മക്കളും നൽകിയതെന്നും, കുടുംബത്തിനും ആശുപത്രി ജീവനക്കാർക്കും ഒരുപാട് നന്ദിയുണ്ടെന്നും നിക്കോളാസ് പറഞ്ഞു.
Story Highlights: pilot returns home after 8 months of Covid treatment