ഇന്നസെന്റിന്റെ കഥയിൽ പ്രിയദർശന്റെ സംവിധാനം; മണിരത്നത്തിന്റെ ‘നവരസ’യിൽ ഹാസ്യ ചിത്രമായി ‘സമ്മർ ഓഫ് 92’
സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് ഒരുക്കുന്ന നവരസ എന്ന ആന്തോളജി ചിത്രത്തിൽ മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്. നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന നവരസയിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. ഒൻപതു രസങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രങ്ങളിൽ ഹാസ്യരസത്തിലാണ് പ്രിയദർശന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്.
35 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. സമ്മർ ഓഫ് 92 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥ നടൻ ഇന്നസെന്റിന്റേതാണ്. കുട്ടിക്കാലത്തെ അനുഭവത്തിൽ നിന്നും ഇന്നസെന്റ് സൃഷ്ടിച്ചതാണ് കഥ. ഒരു പട്ടിയും കുട്ടികളുമാണ് പ്രധാന കഥാപാത്രങ്ങൾ. നെടുമുടി വേണു, യോഗി ബാബു, വൈ ജി മഹേന്ദ്രൻ, രമ്യ നമ്പീശൻ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. തെങ്കാശിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
മലയാളി നടി പാര്‍വതിയും നവരസയിൽ വേഷമിടുന്നുണ്ട്. രതീന്ദ്രന്‍ ആര് പ്രസാദിന്റെ ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. രേവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളും നവരസയിൽ വേഷമിടുന്നുണ്ട്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ എന്നിവരും നവരസയിൽ ഉണ്ട്.
കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം തുടങ്ങിയവരും ഓരോ ചിത്രങ്ങൾ ഒരുക്കുന്നുണ്ട്.
Read More: തെക്കൻ കേരളത്തിൽ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
ചിത്രങ്ങളിൽ നിന്നുള്ള വരുമാനം കൊറോണ വൈറസ് പ്രതിസന്ധിയിലാക്കിയ തമിഴ് സിനിമയിലെ ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമത്തിലേക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഈ മാസം ആദ്യം പ്രഖ്യാപിച്ച ‘പാവ കഥൈകൾ’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ.
Story highlights- priyadarshan navarasa movie