ഒന്‍പത് ചിത്രങ്ങള്‍ ഒന്‍പത് ഭാവങ്ങള്‍ ശ്രദ്ധ നേടി നവരസ ട്രെയ്‌ലര്‍

July 27, 2021
Navarasa Movie Official Trailer

ആന്തോളജി ചിത്രം നവരസയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ അടങ്ങുന്നുണ്ട് നവരസയില്‍. ഒന്‍പത് ഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫിളിക്സിലൂടെ പ്രേക്ഷകരിലേക്കെത്താന്‍ ഒരുങ്ങുകയാണ് നവരസ എന്ന ആന്തോളജി ചിത്രം. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. നെറ്റ്ഫ്‌ളിക്‌സ് ആണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

നവരസയിലെ വിവിധ സിനിമകളുടേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നവും ക്യൂബ് സിനിമ ടെക്‌നോളജീസിന്റെ ബാനറില്‍ ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

നവരസയിലെ 9 ചിത്രങ്ങള്‍

1-ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര്- പ്രണയത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. സംവിധാനം- ഗൗതം മേനോന്‍, അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്‍ട്ടിന്‍

2-തുനിന്ദ പിന്‍- വീരം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. സംവിധാനം- സര്‍ജുന്‍. അഭിനേതാക്കള്‍- അഥര്‍വ, അഞ്ജലി, കിഷോര്‍

3-രൗതിരം- രൗദ്രം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. സംവിധാനം- അരവിന്ദ് സ്വാമി. അഭിനേതാക്കള്‍- റിത്വിക, ശ്രീറാം, രമേശ് തിലക്

4-എതിരി- കരുണം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം. സംവിധാനം- ബിജോയ് നമ്പ്യാര്‍. അഭിനേതാക്കള്‍- വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍

5- സമ്മര്‍ ഓഫ് 92- ഹാസ്യം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. സംവിധാനം- പ്രിയദര്‍ശന്‍. അഭിനേതാക്കള്‍- യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു

6- പ്രാജക്റ്റ് അഗ്‌നി- അത്ഭുതം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. സംവിധാനം- കാര്‍ത്തിക് നരേന്‍. അഭിനേതാക്കള്‍- അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ

7- ഇന്‍മയ്- ഭയാനകം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. സംവിധാനം- രതിന്ദ്രന്‍ പ്രസാദ്. അഭിനേതാക്കള്‍- സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്

8- സമാധാനം- ശാന്തം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. സംവിധാനം- കാര്‍ത്തിക് സുബ്ബരാജ്. അഭിനേതാക്കള്‍- ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത്

9-പായസം- ബീഭത്സം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. സംവിധാനം- വസന്ത്. അഭിനേതാക്കള്‍- ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

Story highlights: Navarasa Movie Official Trailer