‘നസ്രേത്തിൻ നാട്ടിലെ..’- ദി പ്രീസ്റ്റിലെ ആദ്യ ഗാനമെത്തി

January 26, 2021

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. ‘നസ്രേത്തിൻ നാട്ടിലെ..’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത്. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് ഈണം പകർന്നിരിക്കുന്നത്. മെറിൻ ഗ്രിഗറിയും ബേബി നിയ ചാർലിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് പാട്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിഖില വിമലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read More: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കെ എസ് ചിത്രക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ, എസ്പിബിക്ക് പത്മവിഭൂഷൺ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന. ഇത് ഉറപ്പുവരുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസറും ഒരുക്കിയിരിക്കുന്നത്.

Story highlights- the priest song