മരുഭൂമിയിലെ മണൽപ്പരപ്പിൽ പ്രത്യക്ഷപ്പെടുന്ന ജലാശയങ്ങൾ; ഇത് പ്രകൃതി ഒരുക്കുന്ന അത്ഭുതക്കാഴ്ച
കിലോമീറ്ററുകളോളം മനോഹരമായ മണലാരണ്യങ്ങൾ…മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾക്ക് സമാനമാണ് ബ്രസീലിലെ ലെൻകോയിസ് മരാൻഹെൻസെസും. സുന്ദരമായ പഞ്ചസാര മണലുകൾ നിറഞ്ഞ വലിയ മണലാരണ്യമാണ് ഇവിടെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ബ്രസീലിലെ ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനം ഇവിടെത്തുന്നവർക്കായി നിരവധി അത്ഭുതങ്ങളും ഒരുക്കുന്നുണ്ട്.
പ്രകൃതിയിലെ പല പ്രതിഭാസങ്ങളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ ഒരു അത്ഭുതക്കാഴ്ചയാണ് ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനത്തിലേതും. ഏകദേശം 1,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വെളുത്ത മണലാരണ്യമാണിത്. എന്നാൽ ഈ മണലാരണ്യത്തിൽ ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഒരുങ്ങുന്ന ജലാശയങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് ജലാശയങ്ങളാണ് ഈ സമയങ്ങളിൽ ഇവിടെ പ്രത്യക്ഷപ്പെടുന്നത്.
Read also:ടൊവിനോയ്ക്കൊപ്പം നിറചിരിയോടെ ഇസഹാക്ക്- ‘ടൊവി ബോയ്’ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ
ജനുവരി മുതൽ ജൂൺ മാസം വരെ ഇവിടെ ലഭിക്കുന്ന മഴയാണ് ഇത്തരത്തിൽ മനോഹരമായ ജലാശയങ്ങൾ രൂപപ്പെടാൻ കാരണം. വെളുത്ത മണലാരണ്യത്തിനിടയ്ക്ക് അവിടവിടായി മരതക നീലനിറത്തിൽ കാണപ്പെടുന്ന ജലാശയങ്ങൾ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാലഘട്ടങ്ങളിലാണ് ഇവിടേക്ക് കൂടുതൽ വിനോദസഞ്ചാരികളും എത്തുന്നത്. ചില ജലാശയങ്ങൾക്ക് 300 അടിയോളം വരെ നീളം കാണാറുണ്ട്. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ഇവിടെ എത്തുന്നവർക്ക് ഇവിടെ ഇറങ്ങാനും കുളിക്കാനുമൊക്കെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി മീനുകളെയും ഈ ജലാശയങ്ങളിൽ കാണാം.
അതേസമയം ജൂലൈ മുതൽ സെപ്തംബർ വരെ മാത്രമാണ് ഈ കുളങ്ങൾ ഇവിടെ ഉണ്ടാകുക. ഒക്ടോബർ മാസമാകുമ്പോഴേക്കും ഈ കുളങ്ങൾ ഇവിടെ നിന്നും അപ്രത്യക്ഷമാകും. പിന്നീട് ഇവിടെ ഉണ്ടാകുന്ന ശക്തമായ കാറ്റിന്റെ ഫലമായി മണൽകുന്നുകൾ രൂപപ്പെടുന്നതും കാണാം.
Story Highlights:The Story Of Lençóis Maranhenses National Park