നിർമാണ രംഗത്തേക്ക് ചുവടുവെച്ച് ടൊവിനോ തോമസ്; പിറന്നാൾ ദിനത്തിൽ പ്രൊഡക്ഷൻ ഹൗസ് പ്രഖാപിച്ച് താരം
മലയാള സിനിമയിലെ യുവതാരങ്ങളെല്ലാം സ്വന്തമായി നിർമ്മാണ കമ്പനി ആരംഭിക്കുന്ന തിരക്കിലാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ എന്നിവർ അടുത്തിടെ സ്വന്തം പ്രൊഡക്ഷൻ കമ്പനികൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, ടൊവിനോയും നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. പിറന്നാൾ ദിനത്തിൽ ‘ടൊവിനോ തോമസ് പ്രൊഡക്ഷൻ ഹൗസ്’ പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
‘ആശംസകൾക്ക് എല്ലാവർക്കും നന്ദി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ ജന്മദിനത്തിൽ ഇത്രയധികം സ്നേഹം എന്നെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്നില്ല. അതിനാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്യാൻ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും പങ്കിടാൻ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപ്പെട്ടവരേ, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇതാ, അവതരിപ്പിക്കുന്നു. പ്രാധാന്യമുള്ളതും ഞങ്ങളുടെ വ്യവസായത്തിന് കൂടുതൽ മൂല്യം നൽകുന്നതുമായ കൂടുതൽ സിനിമകളുടെ ഭാഗമാകാനുള്ള ഒരു എളിയ ശ്രമം. ഈ വലിയ അവസരവും ഉത്തരവാദിത്തവും കണക്കാക്കാനും നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകൾ സൃഷ്ടിക്കാനും ഞാൻ ആഗ്രഹിക്കുന്നു. സ്നേഹവും പിന്തുണയും തുടരുക’- ടൊവിനോ തോമസ് കുറിക്കുന്നു.
നിർമാണ കമ്പനിയുടെ ലോഗോ വീഡിയോയിലൂടെയാണ് ടൊവിനോ പങ്കുവെച്ചത്. അതേസമയം, നിരവധി ചിത്രങ്ങളുമായി സജീവമാണ് താരം. ഉയരെ എന്ന ചിത്രത്തിന് ശേഷം ബോബി- സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ.
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. മറ്റൊരു ചിത്രമാണ് നാരദൻ. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നാരദൻ’. ചിത്രം സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്.
രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കള എന്ന ചിത്രത്തിലും ടൊവിനോ നായകനാണ്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള.
Story highlights- tovino thomas production house