50 വര്‍ഷങ്ങള്‍ കടന്നു മലയാളികള്‍ ഈ പാട്ട് പാടിത്തുടങ്ങിയിട്ട്; ‘വിശുദ്ധനായ സെബസ്ത്യാനോസേ….’
ദേവാലയങ്ങളിലും ഇടവക തിരുനാളുകളിലുമൊക്കെ പലപ്പേഴും കേള്‍ക്കാറുള്ള ഒരു പാട്ടുണ്ട്, വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ…. എന്ന പാട്ട്. ഒരു പ്രാര്‍ത്ഥനാഗാനമായി ഉയരുമ്പോഴും ജാതിമത ഭേദമന്യേ പലരും ഏറ്റുപാടിയിട്ടുണ്ട് ഈ ഗാനം.
അമ്പത് വര്‍ഷങ്ങള്‍ കടന്നു ഈ പ്രാര്‍ത്ഥനാ ഗാനം മലയാളികള്‍ കേട്ടുതിടങ്ങിയിട്ട്. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ഈ ഗാനം എന്നും പറയാം. നാനാ ജാതി മതസ്ഥര്‍ക്കും ഏത് പ്രായക്കാര്‍ക്കും വളരെ പരിചിതമായ ഗാനം 1970 ലാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
പേള്‍വ്യൂ എന്ന സിനിമയിലെ പാട്ടാണ് ഇത്. എം കുഞ്ചാക്കോയാണ് ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത്. പ്രേംനസീര്‍, കെ.പി. ഉമ്മര്‍, ശാരദ, ആറന്മുള പൊന്നമ്മ, അടൂര്‍ ഭവാനി, കൊട്ടാരക്കര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി ചിത്രത്തില്‍.
വയലാര്‍ രാമവര്മ്മയുടേതാണ് ഗാനത്തിലെ വരികള്‍. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള അര്‍ത്തുങ്കല്‍ പള്ളിയും പാട്ടിന്റെ വരികളില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍ അര്‍ത്തുങ്കല്‍ പള്ളിയിലിരിപ്പവനേ…’ എന്നാണ് ആ വരി. ദേവരാജന്‍ മാസ്റ്ററുടെ മനോഹരമായ സംഗീതവും ഗാനത്തിന്റെ പകിട്ട് കൂട്ടി. കെ ജെ യേശുദാസും ബി വസന്തയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്.
പാട്ടുവരി ഇങ്ങനെ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണമേ
പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍
പണ്ടു നര്‍ബോനയില്‍ ജനിച്ചവനേ
പാവങ്ങള്‍ ഞങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം തരാന്‍
പീഢനമേറ്റു തളര്‍ന്നവനേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണമേ
അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍
അഗ്നിശലാകയായ് ജ്വലിച്ചവനേ
രക്തത്തില്‍ മുങ്ങി നിന്നൊരു വേദസാക്ഷിയായ്
രശ്മി കിരീടമണിഞ്ഞവനേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണമേ
ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍
അര്‍ത്തുങ്കല്‍ പള്ളിയിലിരിപ്പവനേ
അംഗങ്ങളൊക്കെയും ഞങ്ങളെ രക്ഷിക്കാന്‍
അമ്പുകള്‍ കൊണ്ടു മുറിഞ്ഞവനേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണമേ…
Story highlights: Vishudhanaaya Sebastianose song story