‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

January 23, 2021
WHO thanks india for the support of global covid response

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ റ്റെഡ്‌റോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി അറിയിച്ചിരിക്കുന്നത്.

‘നന്ദി ഇന്ത്യ, നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊവിഡ്-19 നെതിരായ ആഗോളപോരാട്ടത്തിനുള്ള നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി. ഒറ്റകെട്ടായി നിന്ന് പരസ്പരം അറിവുകൾ പങ്കുവെച്ചാൽ മാത്രമേ ഈ വൈറസിനെ പൂർണമായും നശിപ്പിച്ച് നമുക്ക് ജീവിതം സംരക്ഷിക്കാനാകൂ-‘ എന്നാണ് ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തത്.

Read also:സഞ്ചാരികളെ ഇതിലേ ഇതിലേ..; യാത്രക്കാരെ ആകർഷിച്ച് വെള്ളത്തിന് മുകളിൽ വെള്ളം കൊണ്ടൊരുക്കിയ പാലം

ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ബ്രസീൽ, മൊറോക്കോ, ദക്ഷണാഫ്രിക്ക, മൗറീഷ്യസ്, മ്യാന്മാർ, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ കൊവിഡ് വാക്സീൻ കയറ്റുമതി നടത്തിയിരുന്നു. വാക്സീൻ കയറ്റുമതി ചെയ്തതിന് ബ്രസീലിയൻ പ്രസിഡന്റ് ജെയർ എം ബോൾസൊനാരോ അടക്കം നിരവധിപ്പേർ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയത്.

Story Highlights:WHO thanks india for the support of global covid response