നാഗാർജുനയ്ക്കൊപ്പം വേഷമിടാൻ അനിഘ സുരേന്ദ്രൻ

February 11, 2021

മലയാള സിനിമയിൽ ബാലതാരമായി എത്തി നായികയായി അരങ്ങേറാൻ തയ്യാറെടുക്കുകയാണ് നടി അനിഘ സുരേന്ദ്രൻ. 2018ൽ പുറത്തിറങ്ങിയ ജോണി ജോണി യെസ് അപ്പ എന്ന ചിത്രത്തിലാണ് അനിഘ സുരേന്ദ്രൻ ഏറ്റവുമൊടുവിൽ വേഷമിട്ടത്. ഇപ്പോഴിതാ, തെലുങ്ക് സൂപ്പർതാരം നാഗാർജുനയ്‌ക്കൊപ്പം വേഷമിടാൻ ഒരുങ്ങുകയാണ് നടി. സിനിമയുടെ ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭിക്കും. ത്രില്ലർ ചിത്രത്തിൽ വളരെ പ്രധാന വേഷത്തിലാണ് അനിഘ എത്തുന്നത്. അതേസമയം, തെലുങ്കിൽ തിരക്കേറുകയാണ് അനിഘയ്ക്ക്.

അതേസമയം, കപ്പേള എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ നായികയായി എത്തുന്നത് അനിഘയാണ്. ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരുടെ വേഷങ്ങളിൽ വിശ്വക് സെൻ, നവീൻ ചന്ദ്ര എന്നിവരും വേഷമിടും. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’. സിത്താര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ബേബി അനിഘയായി സിനിമയിലേക്ക് എത്തിയ നടി അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ കഥാപത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. മലയാള സിനിമയിൽ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച അനിഘ സുരേന്ദ്രൻ, തമിഴിലാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. വിശ്വാസം, എന്നൈ അറിന്താൽ തുടങ്ങിയ ചിത്രങ്ങളിൽ അജിത്തിന്റെ മകളായി എത്തിയതോടെ അനിഘയ്ക്ക് ആരാധകർ ഏറെയായി.

Read More: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു

‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ മംമ്‌തയുടെ മകളുടെ വേഷത്തിലാണ് അനിഘ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും ശ്രദ്ധേയ വേഷങ്ങളാണ് അനിഘ കൈകാര്യം ചെയ്തത്. ജയലളിതയുടെ ജീവിതം പറഞ്ഞ ക്വീൻ എന്ന വെബ്‌സീരിസിൽ ജയലളിതയുടെ കൗമാര കാലഘട്ടം അവതരിപ്പിച്ചും അനിഘ തമിഴ് സിനിമാ ലോകത്ത് പ്രിയങ്കരിയായി മാറി.

Story highlights- Anikha surendran next movie