വിടപറഞ്ഞിട്ട് 11 വർഷങ്ങൾ – കൊച്ചിൻ ഹനീഫയുടെ ഓർമ്മകളിൽ സിനിമാലോകം
മലയാള സിനിമ പ്രേക്ഷകരെ കാലങ്ങളോളം പൊട്ടിച്ചിരിപ്പിച്ച അതുല്യ കലാകാരൻ കൊച്ചിൻ ഹനീഫ വിടപറഞ്ഞിട്ട് പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്. ചിരികളിലൂടെ ഓർമ്മ ഉണർത്തുന്ന കൊച്ചിൻ ഹനീഫ ഏറെ വേദനിപ്പിച്ചാണ് മൺമറഞ്ഞത്. അദ്ദേഹത്തിന്റെ പതിനൊന്നാം ചരമ വാർഷികത്തിൽ ഓർമ്മപ്പൂക്കൾ അർപ്പിക്കുകയാണ് സിനിമാലോകം.
കൊച്ചിൻ ഹനീഫയുടെ മരണാനന്തര ചടങ്ങിൽ പൊട്ടിക്കരഞ്ഞ മമ്മൂട്ടിയെ മലയാളികൾ മറന്നിട്ടില്ല. ഇന്നും പ്രിയ സുഹൃത്തിനു ഓർമ്മപ്പൂക്കൾ അർപ്പിക്കാൻ മമ്മൂട്ടി മറന്നിട്ടില്ല. മമ്മൂട്ടിയുമായി കൊച്ചിൻ ഹനീഫയ്ക്ക് അതുല്യമായൊരു സൗഹൃദമുണ്ടായിരുന്നു. നടൻ എന്നതിലുപരി മികച്ചൊരു സംവിധായകനുമായിരുന്നു കൊച്ചിൻ ഹനീഫ. അദ്ദേഹം സംവിധാനം ചെയ്ത ഏഴു ചിത്രങ്ങളിൽ അഞ്ചു ചിത്രങ്ങളിലും നായകൻ മമ്മൂട്ടിയായിരുന്നു. അതിൽ വാത്സല്യം എന്ന ചിത്രം മലയാളികളുടെ പ്രിയ സിനിമകളിൽ ഒന്നാണ്.
മോഹൻലാലും പ്രിയ സുഹൃത്തിന്റെ ഓർമ്മപ്പൂക്കൾ അർപ്പിച്ചു. സലീം മുഹമ്മദ് ഘൗഷ് എന്നാണ് കൊച്ചിൻ ഹനീഫയുടെ യഥാർത്ഥ പേര്. ‘അഷ്ടവക്രൻ’ എന്ന ചിത്രത്തിലൂടെയാണ് കൊച്ചിൻ ഹനീഫ സിനിമാ ലോകത്തേക്ക് എത്തിയത്. തുടക്കത്തിൽ വില്ലൻ വേഷത്തിലാണ് സജീവമായത്. പിന്നീട് തമിഴിൽ സംവിധായകനും തിരക്കഥാകൃത്തുമായി. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്ചിൻ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു.
Read More: ഇതിലും മികച്ചൊരു അനുകരണം വേറെയില്ല; യുവയുടെ നടപ്പിന് രസികന് അനുകരണവുമായി മൃദുല
കിരീടത്തിലെ ഹൈദ്രോസും, പഞ്ചാബി ഹൗസിലെ ബോട്ടു മുതലാളിയും മാന്നാർ മത്തായിയിലെ എൽദോയുമെല്ലാം എന്നും മലയാളികളുടെ മനസിൽ ഇടം നേടിയ കഥാപാത്രങ്ങളാണ്. മലയാളത്തിലും തമിഴിലുമായി എട്ടോളം തിരക്കഥകൾ ഹനീഫ എഴുതിയിട്ടുണ്ട്. 2010 ഫെബ്രുവരി 2-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കരൾ രോഗത്തെത്തുടർനന്നായിരുന്നു ഹനീഫയുടെ വിയോഗം.
Story highlights- cochin haneefa death anniversary