ദൃശ്യം 2 ഫെബ്രുവരി 19 ന് പ്രേക്ഷകരിലേയ്ക്ക്
തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഫെബ്രുവരി 19 നാണ് ദൃശ്യം 2-ന്റെ റിലീസ്.
അതേസമയം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരിക്കും ദൃശ്യം 2-പ്രേക്ഷകരിലേയ്ക്കെത്തുക. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
അതേസമയം ബോക്സ് ഓഫീസ് കളക്ഷനുകളില്‍ പോലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ദൃശ്യം ഇന്നും പേക്ഷകമനസ്സുകളില് നിന്നും വിട്ടകന്നിട്ടില്ല. പ്രത്യേകിച്ച് മോഹന്‍ലാല്‍ അനശ്വരമാക്കിയ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രം. ഒരു കേബിള്‍ ടിവി സ്ഥാപനം നടത്തുന്ന സാധാരണക്കാരനാണ് ജോര്‍ജ്ജുകുട്ടി. എന്നാല്‍ സിനിമകളെ പ്രണയിച്ച ജോര്‍ജ്ജുകുട്ടിയുടെ കൂര്‍മ്മബുദ്ധി അതിവിപുലവും. കുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ജോര്‍ജുകുട്ടി അസാധാരണമായൊരു പ്രതിസന്ധിയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യം എന്ന ചിത്രത്തിന്റെ ഹൃദയം.
Read more:രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍…?; വ്യക്തമായ മറുപടി രസകരമായി പറഞ്ഞ് പി സി ജോര്‍ജ്ജ്
സാധാരണവും അസാധാരണവുമായ ഭാവങ്ങളെ പരസ്പരം ഒരുമിപ്പിക്കുകയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം. പൊലീസുകാര്‍ക്ക് മുമ്പില്‍ ഉള്ള് പിടയുമ്പോഴും മുഖത്ത് ഭാവവ്യത്യാസം വരാതെയുള്ള ജോര്‍ജ്ജുകുട്ടിയുടെ പ്രകടനം ആ കഥാപാത്രത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്. ഒരു കഥാപാത്രത്തിന്റെ മുഖത്തിനും അപ്പുറം അദ്ദേഹത്തിന്റെ ഹൃദയവിചാരങ്ങളെപ്പോലും പ്രേക്ഷകരിലേക്കെത്തിക്കാന്‍ ദൃശ്യത്തില്‍ മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തിനു സാധിച്ചു.
Story highlights: Drishyam 2 release date announced