‘ജില്ലം പെപ്പരെ’യിൽ എഴുപത്തിയഞ്ചുകാരനായ ചെണ്ട കലാകാരനായി ജോജു ജോർജ്

February 2, 2021

വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും മൂന്നു വർഷങ്ങൾക്ക് മുൻപാണ് നടനായി ശ്രദ്ധനേടിയത്. ഇപ്പോൾ താരമൂല്യമുള്ള നായകന്മാരിൽ ജോജുവുമുണ്ട്. താരം വേഷമിടുന്ന പുതിയ ചിത്രമാണ് ‘ജില്ലം പെപ്പരെ’.

ജോസഫിന് ശേഷം ഈ ചിത്രത്തിൽ വീണ്ടും വയോധികന്റെ വേഷത്തിൽ എത്തുകയാണ് ജോജു ജോർജ്. ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. 35 മുതൽ 40 വയസ്സ് വരെയും 70 മുതൽ 75 വരെയുമുള്ള കാലഘട്ടങ്ങളാണ് ജോജു അവതരിപ്പിക്കുന്നത്. ഒരു ചെണ്ട കലാകാരനായാണ് ജോജു ചിത്രത്തിൽ വേഷമിടുന്നത്.

അതോടൊപ്പം, ഒരു അൽഷിമേഴ്‌സ് രോഗിയായാണ് അദ്ദേഹം വേഷമിടുന്നത്. ഒരു ആന്തോളജി ചിത്രം പോലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നടക്കുന്ന നാല് സംഭവങ്ങൾ ഈ സിനിമ ഒരുമിച്ച് കൊണ്ടുവരുന്നു.

സിനിമയ്ക്കായി ഏതാനും ഭാഗങ്ങൾ ജോജു ജോർജ് പൂർത്തിയാക്കി. കർമ്മയോദ്ധ മുതൽ മേജർ രവിയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ജോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ താളവാദ്യങ്ങളുടെ കഥയാണ് പറയുന്നത്.

Read More: ‘തരിയോട്’ ഡോക്യുമെന്ററി അമേരിക്കയിലെ സ്റ്റാന്‍ഡലോണ്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

ജോജുവിനു പുറമേ മേജർ രവി, ഷെഹിൻ സിദ്ദിഖ്, ഗായകൻ അഞ്ജു ബ്രഹ്മസ്മി, ആട്ടം ശരത്ത്, രാഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശീതൾ ശ്യാമും ചിത്രത്തിൽ ഒരു പ്രധാന കഥാപത്രമാണ്. തൃശൂരിലാണ് സിനിമയുടെ ചിത്രീകരണം. തൃശ്ശൂരിലെ ആട്ടം കലാസമിതിയിലെ കലാകാരന്മാരും ഈ സിനിമയിൽ ഉണ്ട്.

Story highlights- Joju George to play a 75 year old percussionist in Jillam Peppare