ഇന്ത്യന്‍ ലൈസന്‍സുണ്ടെങ്കില്‍ വിദേശത്തും വാഹനമോടിയ്ക്കാം; അറിയാം ഇന്‍ര്‍നാഷ്ണല്‍ ഡ്രൈവിങ് പെര്‍മിറ്റിനെക്കുറിച്ച്

February 17, 2021
Kerala Police about International Driving Permit

ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകള്‍ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കണം. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരില്‍ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്.

ആറു മാസമെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്കു മാത്രമേ മിക്ക രാജ്യങ്ങളിലും ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ പോലുമാവൂ. എഴുത്തു പരീക്ഷയ്ക്ക് ശേഷം പ്രൊവിഷനല്‍ ലൈസന്‍സ് (നമ്മുടെ ലേണേഴ്‌സ്) ലഭിച്ചാലേ ഡ്രൈവിങ് ക്ലാസുകളില്‍ ചേരാന്‍ കഴിയൂ. നിശ്ചിത ആഴ്ചകളിലെ പഠനത്തിനു ശേഷം അതികഠിനമായ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുകയും വേണം വിദേശത്ത് ചെന്നാലുടനെ ലൈസന്‍സ് എടുക്കാമെന്ന് കരുതുകയേ വേണ്ട.

ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്
ഓരോ രാജ്യത്തെയും ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങള്‍ വാഹനം ഓടിക്കുന്നതിനു മുന്‍പ് മനസ്സിലാക്കിയിരിക്കണം. ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് 6 മാസം വരെ ഉപയോഗിക്കാം. എന്നാല്‍ ഇതു മാത്രം കൊണ്ട് നിയമപരമായ പൂര്‍ണ സുരക്ഷിതത്വം കിട്ടണമെന്നില്ല. ഇവിടെയാണ് ഇന്ത്യയില്‍ നിന്നു തന്നെ സ്വന്തമാക്കാവുന്ന ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിന്റെ പ്രസക്തി. ഇന്ത്യയില്‍ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സുള്ളയാളിന് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിന് (ഐഡിപി) അപേക്ഷിക്കാം.

അപേക്ഷകന്റെ മേല്‍വിലാസം ഏത് ആര്‍ടി ഓഫിസിന്റെ പരിധിയിലാണോ അവിടെ നേരിട്ട് അപേക്ഷിക്കുകയായിരുന്നു മുന്‍പ്. എന്നാലിപ്പോള്‍ ഓണ്‍ലൈന്‍ – ഓഫ്‌ലൈന്‍ രീതിയിലാണ് അപേക്ഷിക്കേണ്ടത്. മോട്ടര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റായ പരിവാഹനിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്

അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍:
. സാധുവായ ഡ്രൈവിങ് ലൈസന്‍സ്
. സാധുവായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
. സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വീസ
. പ്രസ്തുത രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്

അപേക്ഷിക്കേണ്ടത് എങ്ങനെ?
പരിവാഹന്‍ വെബ്‌സൈറ്റില്‍ ‘സാരഥി’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ ‘അപ്ലൈ ഓണ്‍ലൈന്‍’ ക്ലിക് ചെയ്യുമ്പോള്‍ ‘സര്‍വീസസ് ഓണ്‍ ഡ്രൈവിങ് ലൈസന്‍സ്’ ലഭിക്കും. ഇതില്‍ ‘ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്’ സെലക്ട് ചെയ്ത് രേഖകള്‍ അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം നിര്‍ദിഷ്ട ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. തുടര്‍ന്ന് ഇവയുടെ പ്രിന്റ് എടുത്ത ശേഷം ഡ്രൈവിങ് ലൈസന്‍സിലെ വിലാസമുള്ള സ്ഥലത്തെ ആര്‍ടി ഓഫിസിനെ സമീപിക്കണം. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ ഇവിടെ നിന്ന് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് അനുവദിക്കും.

ഒരു വര്‍ഷമാണ് ഐഡിപിയുടെ കാലാവധി. ചില രാജ്യങ്ങള്‍ 6 മാസമേ അനുവദിക്കുന്നുള്ളൂ. എന്നാല്‍ എവിടെയും ഇന്ത്യയിലെ സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഐഡിപിക്ക് ഒപ്പമുണ്ടാകണം. ഇന്ത്യയില്‍ ഏത് വാഹനം ഓടിക്കാനാണോ ലൈസന്‍സ് ഉള്ളത് അതേ ഗണത്തില്‍ പെട്ട വാഹനം മാത്രമേ ഓടിക്കാനാവൂ.

ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന പേരില്‍ ഓണ്‍ലൈനില്‍ തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ ജാഗ്രത പാലിക്കുന്നത് നന്ന്. ഓട്ടമൊബൈല്‍ അസോസിയേഷനുകളുടെയും മറ്റും പേരില്‍ ഓണ്‍ലൈനില്‍ കിട്ടുന്ന ലൈസന്‍സ് അംഗീകൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂ.

കടപ്പാട് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ്

Story highlights: Kerala Police about International Driving Permit