പകൽ പഠനം, വൈകുന്നേരം ഹോട്ടലിൽ പാത്രങ്ങൾ കഴുകും, രാത്രിയിൽ കോൾ സെന്ററിൽ ജോലി- മിസ് ഇന്ത്യ വേദിയിൽ അഭിമാനമായി ഓട്ടോക്കാരന്റെ മകൾ

February 12, 2021

ഫെമിന മിസ് ഇന്ത്യ 2020ൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറായ മാനസ വാരണാസിയാണ്. ഹരിയാനയിൽ നിന്നുള്ള മാനിക ഷിയോകന്ദ് ഫെമിന മിസ് ഗ്രാൻഡ് ഇന്ത്യ 2020 ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉത്തർ പ്രദേശിൽ നിന്നുള്ള മന്യ സിംഗ് മത്സരത്തിന്റെ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ രണ്ടു കിരീടങ്ങളെക്കാൾ തിളക്കവും മധുരവും പക്ഷെ മന്യ സിംഗിന്റേതിനാണ്. കാരണം, ദേശിയ തലത്തിൽ അംഗീകരിക്കപ്പെട്ട ഈ നിലയിലേക്ക് എത്താൻ ഒരു സാധാരണക്കാരനായ ഓട്ടോറിക്ഷ ഡ്രൈവറുടെ മകൾക്ക് സാധിച്ചത് അവരുടെ നിശ്ചയദാർഢ്യത്തിന്റെ കരുത്ത് കൊണ്ടാണ്.

മന്യയെ സംബന്ധിച്ചിടത്തോളം, ഉറക്കമില്ലാത്ത നിരവധി രാത്രികളുടെയും വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു ഈ വിജയം. വിജയത്തിലേക്കുള്ള വഴിയിൽ താൻ നേരിട്ട പോരാട്ടങ്ങളെക്കുറിച്ച് മന്യ നേരത്തെതന്നെ തുറന്നു പറഞ്ഞിരുന്നു. മിസ് ഇന്ത്യ നൽകിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്റെ യാത്ര ഒട്ടേറെ ആളുകൾക്ക് പ്രചോദനമാകുമെന്നാണ് മന്യ വിചാരിക്കുന്നത്.

കുശിനഗറിൽ ജനിച്ച മന്യ വളരെ കഠിനമായ സാഹചര്യത്തിലാണ് വളർന്നത്. ഭക്ഷണമോ ഉറക്കമോ ഇല്ലാതെ രാത്രികൾ ചിലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നും പണം ലാഭിക്കാൻ വേണ്ടി മൈലുകൾ നടന്നതായും മന്യ പങ്കുവയ്ക്കുന്നു. പുതുമണമുള്ള പുസ്തകങ്ങൾക്കും ഉടുപ്പുകൾക്കുമായി കൊതിച്ചിരുന്നെങ്കിലും ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് മന്യ പറയുന്നു. അത്രക്ക് ബുദ്ധിമുട്ടിലാണ് മന്യ വളർന്നത്.

പക്ഷെ കഷ്ടതകളിലും ആ കുടുംബം മകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. പരീക്ഷ ഫീസുകൾ അടച്ചിരുന്നത് കയ്യിലുള്ള ഇത്തിരി പൊന്നുകൾ പണയംവെച്ചാണ്. ഒരു ഓട്ടോ ഡ്രൈവറുടെ മകളായതിനാൽ പഠനകാലത്ത് മന്യ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നു എന്നാണ് ‘അമ്മ പ്രതികരിച്ചത്. പഠനകാലത്ത് മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയ മന്യ പക്ഷേ, പുസ്തകങ്ങൾ വാങ്ങാൻ കഴിയാതെയും, സഹപാഠികൾ അവഗണിക്കുന്ന അവസ്ഥയും അതിജീവിച്ചാണ് ഇന്ന് ഇത്രയും വലിയൊരു നേട്ടം കൈവരിച്ചത്.

Read More: പതിനെട്ടു വർഷം നീണ്ട പിണക്കത്തിന് തിരശീലയിട്ട് ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദി- ഹൃദ്യമായ വീഡിയോ

പകൽ പഠിക്കുകയും വൈകുന്നേരം ഹോട്ടലിൽ പാത്രങ്ങൾ കഴുകുകയും രാത്രിയിൽ ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയും ചെയ്തുവെന്ന് മന്യ പറയുന്നു. പരിമിതികളിൽ വിജയം കൊയ്ത മന്യയുടെ ജീവിതം ഒട്ടേറെ ആളുകൾക്ക് വഴികാട്ടിയും പ്രചോദനവുമാകുകയാണ്.

Story highlights- life story of miss india runner up manya singh