‘അഞ്ചു ഭാഷകൾ, ഒരേയൊരു ഗായിക’- ‘കുഞ്ഞുകുഞ്ഞാലി’ പാട്ടിന്റെ വിശേഷവുമായി മോഹൻലാൽ
മലയാള സിനിമയിൽ ഏറ്റവുമധികം ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന ഖ്യാതിയോടെയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസിന് തയ്യാറെടുക്കുന്നത്. മുൻപ് പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റിയെങ്കിലും ഉടൻ തന്നെ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്ന സൂചന നൽകി ആദ്യ ഗാനം പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ. കുഞ്ഞുകുഞ്ഞാലി എന്ന ഗാനത്തിന്റെ വിശേഷങ്ങളാണ് ചിത്രത്തിലെ നായകനായ മോഹൻലാൽ പങ്കുവയ്ക്കുന്നത്.
കുഞ്ഞു കുഞ്ഞാലി എന്ന ഗാനംഉടനെത്തുമെന്ന വിശേഷം പ്രണവ് മോഹൻലാലിൻറെ ചിത്രത്തിനൊപ്പം പങ്കുവെച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ വീഡിയോയിലൂടെ പുറത്തുവിടുകയാണ് താരം. അഞ്ചു ഭാഷകളിലാണ് ഗാനം എത്തുന്നത്. മാത്രമല്ല, എല്ലാ ഭാഷയിലും ഒരേയൊരു ഗായികയാണ് ആലപിച്ചിരിക്കുന്നതും. മറ്റാരുമല്ല, മലയാളികളുടെ അഭിമാനമായ കെ എസ് ചിത്രയാണ്. ഫെബ്രുവരി അഞ്ചിന് പല സമയങ്ങളിലായാണ് അഞ്ചു ഭാഷകളിലെയും ഗാനം പുറത്തുവിടുന്നത്. മാത്രമല്ല, പത്മഭൂഷൺ നേടിയ കെ എസ് ചിത്രയ്ക്ക് വീഡിയോയിലൂടെ അഭിനന്ദനവും പങ്കുവയ്ക്കുകയാണ് മരക്കാർ ടീം.
റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാർ, കെഎസ് ചിത്ര, ശ്രേയ ഘോഷാൽ, വിനീത് ശ്രീനിവാസൻ എന്നിവർ മരക്കാറിനായി പാടുന്നു. മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്.
Read More: ‘കുഞ്ഞു കുഞ്ഞാലി’ ഫെബ്രുവരിയിലെത്തും- ആദ്യഗാനം പുറത്തുവിടാനൊരുങ്ങി മോഹൻലാൽ
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
Story highlights- mohanlal about kunju kunjali song