മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’- കലാസംവിധാനത്തിന് തുടക്കമായി

February 22, 2021

മോഹൻലാൽ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ കലാസംവിധാനത്തിന് തുടക്കമായി. സിനിമയുടെ ആർട്ട് വർക്കുകൾ ആരംഭിച്ചതായി പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ അറിയിച്ചു. മാർച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. പിന്നീട് കൊച്ചിയിലും ഷൂട്ടിംഗ് തുടരും. ഇനിയുള്ള മൂന്നു മാസം ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. അതിനിടയിൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രധാന കഥാപാത്രമായ ബറോസായി എത്തുന്നത് മോഹൻലാലാണ്. നടൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. ഛായാഗ്രാഹകൻ കെ യു മോഹനന് പകരമാണ് സന്തോഷ് ശിവൻ സിനിമയിലേക്ക് എത്തുന്നത്. ഈ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജൂലൈയിൽ ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.

Read More: ‘ആ ഡാൻസുകാരത്തി.. അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്’- ‘ദൃശ്യം 2’ന്റെ രസകരമായ പ്രതികരണം പങ്കുവെച്ച് ആശ ശരത്ത്

അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.

Story highlights- mohanlal movie barroz production work started