പാക്കപ്പ് പറഞ്ഞത് പൂച്ച; ‘മ്യാവൂ’ പൂർത്തിയായി- രസകരമായ വീഡിയോ

February 3, 2021

സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും നായികാനായകന്മാരായി എത്തുന്ന ലാൽ ജോസ് ചിത്രമാണ് മ്യാവൂ. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ലാൽ ജോസ് ചിത്രമാണിത്. റാസല്‍ഖൈമയിലാണ് ചിത്രീകരണം നടന്നത്. പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് വ്യത്യസ്തമായ ഒരു പാക്കപ്പാണ് ലാൽ ജോസ് ഒരുക്കിയത്.

നായികയോ നായകനോ സംവിധായകനോ അല്ല ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്. പകരം, സിനിമയുടെ ടൈറ്റിലിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ പൂച്ചയായിരുന്നു. രസകരവും വ്യത്യസ്തവുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറവും ലാല്‍ ജോസും ഒരുമിക്കുന്ന നാലാമത്തെ ചിത്രംകൂടിയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മറ്റ് ചിത്രങ്ങള്‍.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Read More:അമാനുഷിക കഥകൾ നിറഞ്ഞ നൂറോളം ശില്പങ്ങൾ- ദുരൂഹത പേറി ബഡാ താഴ്വര

സലീംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം ഒരു റഷ്യൻ നടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ഇവർക്ക് പുറമെ പുതുമുഖതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം. തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Story highlights- myavoo movie pack up video