ഇത് സൈമ ഉബൈദ്; കാശ്മീരിലെ ആദ്യ വനിതാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍
ആത്മവിശ്വാസംകൊണ്ടും മനക്കരുത്തുകൊണ്ടും വിജയങ്ങള്‍ നേടുന്നവര്‍ ഏറെയാണ്. ഇത്തരക്കാര്‍ മറ്റുള്ളവര്‍ക്ക് നല്കുന്ന പ്രചോദനവും ചെറുതല്ല. സൈമ ഉബൈദ് എന്ന പെണ്‍കരുത്ത് കാശ്മീരിലെ ആദ്യ വനിതാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യനായപ്പോള്‍ ആ ജീവിതവും പലര്‍ക്കും പ്രചോദനമായി മാറുന്നു.
അമിതഭാരം അലട്ടിയപ്പോള്‍ വണ്ണം കുറയ്ക്കാന്‍ വേണ്ടിയാണ് സൈമ ജിമ്മില്‍ ചേര്‍ന്നത്. എന്നാല്‍ ഭര്‍ത്താവും ട്രെയ്നറുമായ ഉബൈദ് നല്കിയ പരിശീലനം സൈമയെ പവര്‍ ലിഫ്റ്റിങ് വരെ എത്തിച്ചു. അതും കാശ്മീരിലെ ആദ്യ വനിതാ സ്വര്‍ണമെഡല്‍ ജേതാവ്.
2018-ലായിരുന്നു സൈമയുടേയും ഉബൈദിന്റേയും വിവാഹം. ആ സമയത്ത് നിരവധിയായ ആരോഗ്യപ്രശ്നങ്ങളും സൈമയെ അലട്ടിയിരുന്നു. കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതപോലും കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ സൈമയ്ക്കും ഉബൈദിനും ഒരു കുഞ്ഞിനെ ലഭിച്ചു.
Read more: ജോഷിയുടെ സംവിധാനത്തില്‍ ‘പാപ്പന്’ ആകാന്‍ സുരേഷ് ഗോപി; ഒപ്പം സണ്ണി വെയ്നും നൈല ഉഷയും
ഡെലിവറിയ്ക്ക് ശേഷം വീണ്ടും ആരോഗ്യപ്രശ്നങ്ങള്‍ സൈമയ്ക്ക് വിനയായി. നട്ടെല്ലിന് പ്രശ്നമുണ്ടായതോടെ വ്യായമം ചെയ്യുന്നതിനും ബുദ്ധുമുട്ട് നേരിടേണ്ടി വന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെയെല്ലാം ഉള്‍ക്കരുത്തുകൊണ്ട് അതിജീവിക്കാനായിരുന്നു സൈമയുടെ തീരുമാനം. അമിതഭാരം അലട്ടിയപ്പോള്‍ ഭര്‍ത്താവിന്റെ ട്രെയിനിങ്ങില്‍ ജിമ്മിലും എത്തി.
കാശ്മീരില്‍ നടന്ന നാലാമത് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലാണ് സൈമ നേട്ടം കൊയ്തത്. 255 കിലോഗ്രാം ഭാരം ഉയര്‍ത്തിക്കൊണ്ടാണ് സൈമ എന്ന വനിത വിജയകിരീടം ചൂടിയത്. അതേസമയം ജമ്മുകാശ്മീര്‍ പവര്‍ലിഫ്റ്റിങ് അസോസിയേഷന് ആദ്യമായാണ് വനിതകള്‍ക്കു വേണ്ടി ഒരു പവര്‍ ലിഫ്റ്റിങ് മത്സരം സംഘടിപ്പിയ്ക്കുന്നത് തന്നെ.
ഈ നേട്ടം അനേകര്‍ക്ക് മാതൃകയാകണമെന്നാണ് സൈമയുടെ ആഗ്രഹം. സ്ത്രീകള്‍ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടേയും ചിറകുകള് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും സൈമ പറയുന്നു. സ്വാഭാവിക ശക്തിയാണ് പവര്ലിഫ്റ്റിങ്ങിന് വേണ്ടത് എന്ന തിരിച്ചറിവില്‍ നിന്നുമാണ് ഉബൈദ് ഭാര്യ സൈമയ്ക്ക് നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കിയത്.
Story highlights: Saima Ubaid becomes first woman power-lifter from Kashmir