കാലുളുക്കിയ റൂട്ടിന്റെ അരികിലേയ്ക്ക് ഓടിയെത്തി കോലി, പിന്നെ സ്ട്രെച്ചിങ്ങും: ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ വീഡിയോ
കൊവിഡ് 19 എന്ന മഹാമാരി മൂലം ഏറെക്കാലമായി നിശ്ചലമായിരുന്ന കളിക്കളങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയിരിയ്ക്കുകയാണ്. ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. വാശിയേറിയ മത്സരം പുരോഗമിയ്ക്കുമ്പോള്‍ കളിക്കളത്തിലെ സ്നേഹനിമിഷങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്.
ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഉണ്ടായ ഒരു കാഴ്ചയാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും വാശിയോടെ പോരാടുന്ന സമയം. ഇംഗ്ലണ്ട് നായകന് ജോ റൂട്ട് സെഞ്ചുറി മികവില്‍ ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ മൂന്നാം സെഷനില്‍ ബാറ്റ് ചെയ്യുമ്പോള്‍ റൂട്ടിന്റെ കാലുളുക്കി. 87-ാം ഓവറിലായിരുന്നു സംഭവം.
ആര് അശ്വിന്റെ പന്തില്‍ റണ്‍സെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയായിരുന്നു താരം കാലുളുക്കി ഗ്രൗണ്ടിലിരുന്നത്. ഇതുകണ്ട ഇന്ത്യന്‍ നായകന് വിരാട് കോലി ഓടിയെത്തി റൂട്ടിന്റെ അരികില്‍. റൂട്ടിന്റെ കാല് സ്ട്രെച്ച് ചെയ്യാന്‍ കോലി സഹായിക്കുകയും ചെയ്തു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന അടിക്കുറിപ്പോടെ ബിസിസിഐയും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം കളി അവസാനിയ്ക്കുമ്പോള്‍ 263 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിരിയ്ക്കുന്നത്. മൂന്ന് വിക്കറ്റുകളും നഷ്ടമായി. 197 പന്തില്‍ നിന്നുമായി 14 ഫോറും ഒരു സിക്സും അടക്കം 128 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചതും.
#SpiritOfCricket at its very best 😊😊#INDvENG @Paytm | @imVkohli pic.twitter.com/vaEdH29VXo
— BCCI (@BCCI) February 5, 2021
Story highlights: Spirit of Cricket Viral Video