“ജോര്‍ജ്ജുകുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി”: മോഹന്‍ലാല്‍
ദൃശ്യം 2-ന്റെ വരവ് ആഘോഷമാക്കിയിരിയ്ക്കുകയാണ് ചലച്ചിത്രലോകം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വഴിയായിരുന്നു ചിത്രത്തിന്റെ റിലീസ്. നിരവധിപ്പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. റിലീസ് ചെയ്ത് ആദ്യ ദിനംതന്നെ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയതില്‍ മോഹന്‍ലാലും സന്തോഷം പങ്കുവെച്ചു. ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദിയും പറഞ്ഞു. ‘നിങ്ങളെപ്പോഴും എനിക്ക് നല്കുന്ന സ്നേഹവും പിന്തുണയും ഏറെ വിലപ്പെട്ടതാണ്. എന്റെ ദൃശ്യം 2 സിനിമയ്ക്ക് നിങ്ങള്‍ നല്കിയ സപ്പോര്‍ട്ടും സ്നേഹവും എന്നെ സന്തോഷിപ്പിയ്ക്കുന്നു. ജോര്‍ജ്ജുകുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി’ വീഡിയോ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ പറഞ്ഞു.
മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.
ഏറെ പരിചിതമായ കഥാപാശ്ചാത്തലത്തില്‍ നിന്നുകൊണ്ടുതന്നെ സസ്പെന്സിന്റെ ഒരു കൂമ്പാരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ്ക്കാന് ജീത്തു ജോസഫ് എന്ന സംവിധായകന് സാധിച്ചു. നട്ടെല്ലുള്ള തിരക്കഥയും ചിത്രത്തിന്റെ ആകര്‍ഷണമാണ്. തിരക്കഥയിലും സംവിധാനത്തിലും ജീത്തു ജോസഫ് പുറത്തെടുത്ത ബ്രില്യന്‍സ് വര്‍ണനകള്‍ക്ക് അതീതം.
മോഹന്‍ലാല്‍ നല്ല നടനാണ്. അതിനേക്കാളും നല്ല നടനായിരിയ്ക്കുകയാണ് ജോര്‍ജ്ജുകുട്ടി. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ജോര്ജ്ജുകുട്ടിയില് പ്രകടമായ പല മാറ്റങ്ങളും ഇന്നിന്റെ ഓര്മ്മപ്പെടുത്തലുകള്ക്കൂടിയാണ്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് അദ്ദേഹം തന്റെ കൂര്മ്മബുദ്ധിയ്ക്കും മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. അതുതന്നെയാണ് ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ വിജയവും. ഇത്തവണ ജോര്ജ്ജുകുട്ടിക്ക് പിടി വീഴും എന്നുറപ്പിച്ചിരിയ്ക്കുമ്പോഴാണ് ആരും ചിന്തിക്കാത്ത തരത്തില്‍ അദ്ദേഹം വരുണ്‍ കേസിനെ വഴിതിരിച്ചുവിടുന്നത്. തിരക്കഥയുടെ കരുത്തും മോഹന്‍ലാലിന്റെ അഭിനയമികവും ഇഴചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചതാകട്ടെ അതിഗംഭീരമായൊരു ദൃശ്യ മികവും.
Story highlights: “Thanks for keeping George Kutty’s secrets “: Mohanlal