ഒരേ സമയം തമിഴിലും തെലുങ്കിലും റീമേക്കിന് ഒരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’
മലയാള സിനിമയിൽ അടുത്തിടെ ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. അടുക്കളയും സ്ത്രീ സ്വാതന്ത്ര്യവും പുരുഷാധിപത്യവും സംസാരിച്ച ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. ചിത്രമിപ്പോൾ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. സംവിധായകൻ കണ്ണനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങളും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് ഭാഷകളിലും ചിത്രം സംവിധാനം ചെയ്യും. സിനിമയുടെ തിരക്കഥ വളരെ ശക്തമാണെന്നും തമിഴ് പ്രേക്ഷകരുടെ കാഴ്ചപ്പാട് അനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും കണ്ണൻ പറയുന്നു. മാത്രമല്ല, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വളരെയധികം സ്വാധീനിച്ചെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയ ചിത്രം വളരെയധികം ചിന്തിപ്പിച്ചു എന്നും ഒരു ഗ്ലാസ് വെള്ളം ചോദിക്കാൻ ഒരുങ്ങുമ്പോൾ പോലും രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നുമാണ് കണ്ണൻ പ്രതികരിച്ചത്.
Read More: കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവന; നടൻ മാധവന് ഡി- ലിറ്റ് ബിരുദം
ഇത് ഒരു ദ്വിഭാഷ ചിത്രമായതുകൊണ്ട്, രണ്ട് ഭാഷയിലും ജനപ്രിയയായ ഒരു മുൻനിര നടിയെയാണ് നായികയായി അവതരിപ്പിക്കുന്നത്. താരങ്ങളെ പ്രഖ്യാപിച്ചാൽ ഉടൻ കാരക്കുടിയിൽ ചിത്രീകരണം ആരംഭിക്കും. പി.ജി മുത്തയ്യ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, രാജ്കുമാറാണ് ആർട്ട് വിഭാഗം. പട്ടുകോട്ടൈ പ്രഭാകറാണ് സംഭാഷണം എഴുതുന്നത്. അതേസമയം, കൃഷ്ണൻ സംവിധാനം ചെയ്യുന്ന തള്ളി പോകാതെ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഥർവ, അനുപമ പരമേശ്വരൻ, അമിതാഷ് പ്രധാൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
Story highlights- the great indian kitchen remake