‘ഇരട്ടകളാണ് സാറേ ഇവിടുത്തെ മെയിന്‍’; ഇതാണ് ഇരട്ടകളുടെ നാട്
എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഇരട്ടകളെ കാണാം. നൈജീരിയയിലെ ഇഗ് ബൂറ എന്ന ദേശത്തിന്റെ പ്രധാന ആകര്‍ഷണവും ഈ ഇരട്ടകള്‍ തന്നെയാണ്. ഇരട്ടകളുടെ പേരില്‍ ഇരട്ടിപ്പെരുമ കേട്ട നാടെന്നാണ് ഇഗ് ബൂറയെ പൊതുവേ വിശേഷിപ്പിയ്ക്കുന്നത്. മറ്റ് ദേശങ്ങളെക്കാള്‍ എല്ലാം അധികമായി ഇരട്ടകളുണ്ട് ഈ ദേശത്ത്.
ലോകത്തില്‍ തന്നെ ഏറ്റവും അധികം ഇരട്ടകളുള്ള ഇടങ്ങളില്‍ ഒന്നുകൂടിയാണ് ഇഗ് ബൂറ. അതുകൊണ്ടാണ് ഇവിടം ട്വിന്‍ ക്യാപിറ്റില്‍ ഓഫ് ദ് വേള്‍ഡ് എന്ന് അറിയപ്പെടുന്നതും. ഇഗ് ബൂറയുടെ ഏത് ഭാഗത്തു ചെന്നാലും അവിടെയെല്ലാം ഇരട്ടകളെ കാണാം. അതും പല പ്രായത്തിലുള്ള ഇരട്ടകള്‍. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഇരട്ടകള്‍ ഏറെയാണ് ഇവിടെ. ചിലരെ കണ്ടാല്‍ കാഴ്ചയില്‍ ഒരേ പോലെതന്നെ. മറ്റു ചിലരാകട്ടെ കാഴ്ചയില്‍ അല്പം വ്യത്യസങ്ങുണ്ടെങ്കിലും ഭൂമിയിലേയ്ക്ക് പിറന്നു വീണത് ഒരേ വര്‍ഷം ഒരേ ദിവസം ഒരേ മണിക്കൂറില്‍ നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തില്‍….
Read more: ഇത് സൈമ ഉബൈദ്; കാശ്മീരിലെ ആദ്യ വനിതാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇഗ് ബൂറ സന്ദര്ശിയ്ക്കാനെത്താറുണ്ട്. എല്ലാവരിലും കൗതുകം നിറയ്ക്കുന്നത് ഇരട്ടകളുടെ കാഴ്ചകള്‍ തന്നെ. ഇരട്ടകള്‍ ധാരാളമുള്ളതുകൊണ്ട് ഇവിടെ ഇരട്ടകള്‍ക്കായി പ്രത്യേക ആഘോഷപരിപാടികളും നടക്കാറുണ്ട്. ഇരട്ടകളുടെ മഹോത്സവം എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. ഇഗ് ബൂറയിലെ ഏറ്റവും വലിയ ആഘോഷവും ഇരട്ടകളുടെ മഹോത്സവം ആണ്.
ഇരട്ട മഹോത്സവത്തില്‍ പങ്കെടുക്കാന്‍ നൈജീരയയുടെ പല ഇടങ്ങളിലുള്ള ഇരട്ടകളും എത്താറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ് മഹോത്സവത്തില്‍ പങ്കെടുക്കുന്ന ഇരട്ടകള്‍ അണിയുക. പ്രത്യേക പാട്ടും നൃത്തവും എല്ലാം ഇരട്ടകളുടെ മഹോത്സവത്തിന്റെ ഭാഗമാണ്.
ഇഗ് ബൂറയില് ഇത്രയേറെ ഇരട്ടകള്‍ ഉണ്ടാകാന്‍ കാരണമെന്താണ് എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഇവിടുത്തെ സ്ത്രീകളുടെ ഭക്ഷണരീതിയും പാരമ്പര്യവുമാണ് കാരണങ്ങള്‍ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്. എന്തുതന്നെയായാലും ഇരട്ടകുട്ടികള്‍ ഉണ്ടാകുന്നത് ഭാഗ്യമായാണ് ഇഗ് ബൂറയിലുള്ളവര് കണക്കാക്കുന്നത്.
Story highlights: The twin capital of the world