ഡൗണ്‍ സിന്‍ഡ്രോമിനെ ഉള്‍ക്കരുത്തുകൊണ്ട് തോല്പിച്ച് നായകനായി ഗോപികൃഷ്ണന്; തിരികെ ഫെബ്രുവരി 26ന്
നിറഞ്ഞു ചിരിച്ചുകൊണ്ട് പ്രിയപ്പെട്ട ജീവിത സ്വപ്നങ്ങളെ നേടിയെടുക്കുകയാണ് ഗോപികൃഷ്ണന്. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഗോപികൃഷ്ണന് മനക്കരുത്തുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് മലയാള സിനിമയില്‍ നായകനായെത്തുന്നു. തിരികെ എന്ന ചിത്രത്തില്‍. സിനിമാ ലോകത്തെ നായക സങ്കല്പങ്ങളെ പോലും പൊളിച്ചെഴുതുകയാണ് ഇരുപത്തിയൊന്ന് വയസ്സുകാരനായ ഗോപികൃഷ്ണന് എന്ന നടന്.
ഈ മാസം 26 ന് ഗോപികൃഷ്ണന് നായകനായെത്തുന്ന തിരികെ എന്ന ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും. ഗോപികൃഷ്ണന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ് ഇത്. ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രത്തിന്റെ റലീസ്. അപൂര്‍വ്വമായ സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രമാണ് തിരികെ. ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.
ഗോപികൃഷ്ണ വര്‍മ, ജോര്‍ജ് കോര, ശാന്തി കൃഷ്ണ, ഗോപന് മാങ്ങാട്ട്, സരസ ബാലുശ്ശേരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സംവിധായകരില്‍ ഒരാളായ ജോര്‍ജ് കോരയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും. നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ അബ്രഹാം ജോസഫ് ദീപക് ദിലീപ് പവാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Thirike movie release