മരണം കവര്‍ന്നെടുക്കുന്നതിന് മുന്‍പേ നരണിപ്പുഴ ഷാനവാസ് എഴുതിയ തിരക്കഥ സിനിമയാക്കാനൊരുങ്ങി വിജയ് ബാബു
അന്തരിച്ച നരണിപ്പുഴ ഷാനവാസിന്റെ തിരക്കഥ സിനിമയാകുന്നു. നടനും ചലച്ചിത്ര നിര്‍മാതാവുമായ വിജയ് ബാബുവാണ് ചിത്രമൊരുക്കുന്നത്. സല്‍മ എന്നാണ് നരണിപ്പുഴ ഷാനവാസ് പൂര്‍ത്തിയാക്കിയ തിരക്കഥയുടെ പേര്. കൊച്ചിയില്‍ ഷാനവാസിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് വിജയ് ബാബു സല്‍മ എന്ന തിരക്കഥ സിനിമയാക്കുന്നു എന്ന് പ്രഖ്യാപിച്ചത്.
സല്‍മ എന്ന തിരക്കഥ സിനിമയാക്കുന്നതിനുവേണ്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്നും ചിത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന ലാഭത്തിന്റെ പങ്ക് നരണിപ്പുഴ ഷാനവാസിന്റെ കുടുംബത്തിന് നല്‍കുമെന്നും വിജയ് ബാബു പറഞ്ഞു. നരണിപ്പുഴ ഷാനവാസിന്റെ കുടുംബത്തിനൊപ്പം നില്ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
2020 ഡിസംബര്‍ 23 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാനവാസ് മരണപ്പെട്ടത്. സംവിധായകന്, തിരക്കഥാകൃത്ത് എന്നതിന് പുറമെ ചിത്രസംയോജന രംഗത്തും ഷാനവാസ് ശ്രദ്ധേയനാണ്. 2015 ല്‍ അദ്ദേഹം കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഏറെനിരൂപക ശ്രദ്ധ നേടിയ ചിത്രം കൂടിയാണ് കരി. നിരവധി ചലച്ചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പച്ച കരിക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായ സൂഫിയും സുജാതയുമാണ് ഷാനവാസ് സംവിധാനം നിര്‍വഹിച്ച അവാസന ചിത്രം. ജയസൂര്യ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി. പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ഭംഗിയുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നരണിപ്പുഴ ഷാനവാസ് ആണ്. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Vijay Babu making movie with Shanavas Naranipuzha’s script salma