“മലയാള സിനിമ എക്കാലവും അറിയപ്പെട്ടത് നല്ല കഥകളുടെയും മികച്ച ഉള്ളടക്കങ്ങളുടെയും പേരിൽ”; നേരിട്ട പ്രതിസന്ധികളെ കുറിച്ച് വിജയ് ബാബു!

January 13, 2024

നടൻ, നിർമ്മാതാവ്, എന്നീ നിലകളിൽ മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് വിജയ് ബാബു. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, അടി കപ്യാരെ കൂട്ടമണി, ആട്, അങ്കമാലി ഡയറീസ്, സൂഫിയും സുജാതയും, ഹോം എന്നീ പ്രമുഖ മലയാള സിനിമകളുടെയെല്ലാം പിന്നണിയിൽ വിജയ് ബാബു ഉണ്ട്. ഇപ്പോൾ 24 ന്യൂസിന്റെ ‘ഹാപ്പി ടു മീറ്റ് യൂ’ എന്ന എക്‌സ്‌ക്ല്യൂസീവ് ഇന്റർവ്യൂവിൽ മലയാള സിനിമ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. (Vijay Babu reflects on the challenges faced by Malayalam Cinema)

“മലയാള സിനിമ എക്കാലവും അറിയപ്പെട്ടത് നല്ല കഥകളുടെയും മികച്ച ഉള്ളടക്കങ്ങളുടെയും പേരിലാണ്. ഇന്ന് ഒടിടി-യുടെ വരവോടെ നിരവധി പാൻ ഇന്ത്യൻ, പാൻ സൗത്ത് സിനിമകൾ മലയാള സിനിമയെ സ്വാധീനിക്കുന്നുണ്ട്. ഇത് മലയാള സിനിമയെ വല്ലാതെ ബാധിക്കും”, വിജയ് പറയുന്നു.

മുൻപ് വിജയ്, അജിത്ത്, രജനികാന്ത്, അല്ലു അർജുൻ തുടങ്ങിയവരുടെ ചിത്രങ്ങൾ മാത്രമായിരുന്നു അന്യഭാഷാ ചിത്രങ്ങളായി കേരളത്തിലെ തീയറ്ററുകളിൽ ഓടിയിരുന്നത്. എന്നാൽ ബാഹുബലിയുടെയും മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വളർച്ചയ്ക്ക് ശേഷം അനേകം പാൻ ഇന്ത്യൻ സിനിമകൾ മലയാളത്തിൽ ഡബ്ബ് ചെയ്ത് മാസ്സ് റിലീസുകളായി തീയറ്ററുകളിൽ എത്തുന്നു. ഇത്തരം ഉയർന്ന ബഡ്‌ജറ്റുള്ള സിനിമകളോട് കിടപിടിക്കാൻ മലയാളത്തിലും സമാനമായ മാസ്സ് മസാല ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതോടെ മലയാള സ്വത്വം ഉറങ്ങുന്ന ചെറിയ സിനിമകൾക്ക് തീയറ്ററിൽ സ്ഥാനം കിട്ടാതെ പോകുന്നു.

Read also: ‘നന്ദിയോടെ, ജയറാം’; ഓസ്‍ലർ റിലീസിന് ശേഷം ജയറാമിന് പറയാനുള്ളത്

“സിനിമയെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സംസ്ഥാനവും കേരളം തന്നെ. എങ്ങനെയും ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുള്ള നിരവധി നിർമ്മാതാക്കളും ഈ പ്രവാസികൾക്കിടയിലുണ്ട്. പക്ഷെ ഇത് മലയാള സിനിമയ്ക്ക് ദോഷം ചെയ്യും. ചുരുങ്ങിയ സമയം കൊണ്ട് പരിമിതമായ സാഹചര്യങ്ങളിൽ ഹോംവർക്ക് തീരെയില്ലാതെ നിർമിക്കുന്ന ഇത്തരം സിനിമകൾ മോശം ഫലം നൽകും”, നിർമ്മാണ മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ നേരിടുന്ന വെല്ലുവിളികൾ പങ്കുവെക്കുമ്പോൾ തന്നെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളായ ‘ആട്’, ‘അടി കപ്യാരെ കൂട്ടമണി’, എന്നിവയുടെ തുടർ ഭാഗങ്ങളും ഉടനെ ഉണ്ടാകും എന്ന വിവരവും വിജയ് പങ്കുവെച്ചു. ഇന്നലെ തിയറ്ററുകളിലെത്തിയ ‘ഖൽബ്’ ആണ് വിജയ്‌യുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Story highlights: Vijay Babu reflects on the challenges faced by Malayalam Cinema