‘നന്ദിയോടെ, ജയറാം’; ഓസ്‍ലർ റിലീസിന് ശേഷം ജയറാമിന് പറയാനുള്ളത്

January 12, 2024

മലയാളികളുടെ പ്രിയപ്പെട്ട നടനായ ജയറാം ഒരിടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘അബ്രഹാം ഓസ്‍ലർ’. റിലീസിന് മുൻപ് തന്നെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ചിത്രം ഇന്നലെയാണ് തീയറ്ററുകളിൽ റിലീസായത്. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രതികരണങ്ങളാണ് ചിത്രം വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ, നടൻ ജയറാം തന്നെ പ്രേക്ഷകരോട് നന്ദി അറിയിച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ജയറാം പ്രേക്ഷകരോടും, സംവിധായകൻ മിഥുൻ മാനുവൽനോടും സാക്ഷാൽ മമ്മൂക്കയോടും നന്ദി അറിയിച്ചിരിക്കുന്നത്. (Actor Jayaram’s thank you note after Ozler movie release)

Read also: “എന്റെ മനയ്ക്കലേക്ക് സ്വാഗതം”; നിഗൂഢതകൾ ഒളിപ്പിച്ച ‘ഭ്രമയുഗം’ ടീസർ പുറത്ത്!

വിഡിയോയിലൂടെ പങ്കുവെച്ച ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:  

“നമസ്കാരം. ഒരുപാട് സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയിട്ടല്ല. നന്ദി പറയാന്‍ വേണ്ടി മാത്രമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇന്ന് തിയറ്ററുകളിലെത്തിയ എൻ്റെ സിനിമയാണ് എബ്രഹാം ഓസ്‍ലര്‍. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാല്‍ ഞങ്ങള്‍ രണ്ട് കൈയും നീട്ടി തിരിച്ച് സ്വീകരിക്കും എന്നതിന് തെളിവാണ് ഇന്ന് തിയറ്ററില്‍ നിന്ന് എനിക്ക് കിട്ടിയ സ്നേഹവും സന്തോഷവും എല്ലാം. വരും ദിവസങ്ങളില്‍ കേരളത്തിലുള്ള എല്ലാ പ്രധാനപ്പെട്ട തിയറ്ററുകളിലുമെത്തി നിങ്ങളോട് നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ട്. അവിടെവച്ച് നേരിട്ട് കാണാം. എല്ലാ ടെക്നീഷ്യന്‍സിനും ഒപ്പം അഭിനയിച്ചവര്‍ക്കും എല്ലാവര്‍ക്കും നന്ദി. താങ്ക് യൂ മിഥുന്‍, എന്നില്‍ ഒരു അബ്രഹാം ഓസ്‍ലര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിന്. അവസാനമായി മമ്മൂക്കാ, ഉമ്മ. എനിക്കുവേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്… താങ്ക് യൂ”. 

സിനിമയിൽ മമ്മൂട്ടി വേഷമിടുന്നുണ്ടോ എന്ന ചോദ്യമായിരുന്നു ട്രെയ്‌ലർ പുറത്തായതോടെ ആളുകളുടെ മനസ്സിൽ. റിലീസിന് ശേഷം ചിത്രത്തിൽ നിർണായക കഥാപാത്രമായി മമ്മൂക്ക എത്തുന്നുണ്ട് എന്നത് വ്യക്തമായി. ജഗദീഷ്, അര്‍ജുന്‍ അശോകന്‍, സൈജുകുറുപ്പ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, ദര്‍ശന നായര്‍, അസീം ജമാല്‍, ആര്യാസലിം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Actor Jayaram’s thank you note after Ozler movie release