‘ഇനി ഭ്രമയുഗത്തിൽ കൊടുമൺ പോറ്റി’; കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറെന്ന് സംവിധായകനും നിർമ്മാതാവും!

February 13, 2024

റിലീസ് അടുത്ത് സമയം പുറപ്പെട്ട ആരോപണങ്ങളുടെ പിന്തുടർച്ചയായി ഭ്രമയുഗം സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവനും നിർമാതാക്കളും. (Bhramayugam character Kunjamon Potti changes to Kodumon Potti)

സിനിമയിൽ നിലവിൽ ഉപയോഗിച്ച കുഞ്ചമൺ പോറ്റി എന്ന പേരുമാറ്റി കൊടുമൺ പോറ്റി എന്ന് മാറ്റാമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. സെൻസർ ബോർഡിനും ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിട്ടുണ്ടെന്ന് സംവിധായകനും നിർമാതാവും അറിയിച്ചു. യൂട്യൂബിൽ പങ്കുവെച്ച ചിത്രത്തിന്റെ ഓഡിയോ ജുക്ക് ബോക്‌സിൽ പോറ്റിയുടെ തീം കൊടുമൺ പോറ്റി തീം എന്നാക്കി മാറ്റിയിട്ടുമുണ്ട്.

ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കോട്ടയത്തെ കുഞ്ചമൺ ഇല്ലക്കാർ നേരത്തെ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Read also: ‘കഥാപാത്രത്തിന് പുഞ്ചമൺ പോറ്റിയുമായി ബന്ധമില്ല’; ആരോപണങ്ങളിൽ പ്രതികരിച്ച് ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ!

ഇക്കാര്യത്തിൽ ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ വ്യക്തത വരുത്തിയിരുന്നു. കൊച്ചിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ തൻ്റെ പ്രതികരണം അറിയിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ചമൺ പോറ്റിക്ക് ഐതിഹ്യമാലയുമായി യാതൊരു ബന്ധവും ഇല്ലെന്നും തീർത്തും ഭാവനയിൽ ഉണ്ടായ കഥാപാത്രവും കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

പണ്ടത്തെ കാലത്ത് ഏറെ പ്രചാരത്തിലുള്ള പേരായിരുന്നു കുഞ്ചമൺ, പുഞ്ചമൺ എന്നിവയെല്ലാം. അതേ കാരണത്താലാണ് പേര് ചിത്രത്തിൽ ഉപയോഗിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം, ഫെബ്രുവരി 15-നാണ് ഭ്രമയുഗത്തിന്റെ ആ​ഗോള റിലീസ് തീരുമാനിച്ചിരിക്കുന്നത്. ജിസിസിയിലും വമ്പൻ റിലീസിനാണ് ഭ്രമയുഗം തയായറെടുത്തത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരങ്ങൾ.

22-ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. യു.കെ, ഫ്രാൻസ്, പോളണ്ട്, ജർമനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്‌ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് പ്ലാനുണ്ട്.

Story highlights: Bhramayugam character Kunjamon Potti changes to Kodumon Potti