‘കഥാപാത്രത്തിന് പുഞ്ചമൺ പോറ്റിയുമായി ബന്ധമില്ല’; ആരോപണങ്ങളിൽ പ്രതികരിച്ച് ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ!

February 13, 2024

റിലീസിന് രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ, പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഭ്രമയുഗം എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ഹർജി. പുഞ്ചമൺ ഇല്ലത്തെ പി.എം.ഗോപിയാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസായാൽ കുടുംബത്തിന്റെ സൽപ്പേരിന് കോട്ടം സംഭവിക്കും എന്നായിരുന്നു പരാതി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കുടുംബത്തിന് അപമാനമാകും വിധമാണെന്നാണ് ഗോപിയുടെ ആരോപണം. (Rahul Sadasivan denies allegations on ‘Bhramayugam’ Movie)

എന്നാൽ ഇപ്പോഴിതാ, ആരോപണങ്ങളിൽ വ്യക്തത വരുത്തുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ. കൊച്ചിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ തൻ്റെ പ്രതികരണം അറിയിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ചമൺ പോറ്റിക്ക് ഐതിഹ്യമാലയുമായി യാതൊരു ബന്ധവും ഇല്ലെന്നും തീർത്തും ഭാവനയിൽ ഉണ്ടായ കഥാപാത്രവും കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

പണ്ടത്തെ കാലത്ത് ഏറെ പ്രചാരത്തിലുള്ള പേരായിരുന്നു കുഞ്ചമൺ, പുഞ്ചമൺ എന്നിവയെല്ലാം. അതേ കാരണത്താലാണ് പേര് ചിത്രത്തിൽ ഉപയോഗിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

Read also: ‘മസ്റ്റ് വാച്ച്’; മഞ്ജുവിന്റെ പ്രശംസ നേടി ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോട്ടയത്തെ കുഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കുഞ്ചമൺ ഇല്ലത്തെക്കുറിച്ച് പറയുന്നുണ്ടെന്നും അവർ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബപ്പേരും പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഫെബ്രുവരി 15-നാണ് ഭ്രമയുഗത്തിന്റെ ആ​ഗോള റിലീസ് തീരുമാനിച്ചിരുന്നത്. ജിസിസിയിലും വമ്പൻ റിലീസിനാണ് ഭ്രമയുഗം തയായറെടുത്തത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരങ്ങൾ.

22-ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. യു.കെ, ഫ്രാൻസ്, പോളണ്ട്, ജർമനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്‌ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് പ്ലാനുണ്ട്.

Story highlights: Rahul Sadasivan denies allegations on ‘Bhramayugam’ Movie