“എന്റെ മനയ്ക്കലേക്ക് സ്വാഗതം”; നിഗൂഢതകൾ ഒളിപ്പിച്ച ‘ഭ്രമയുഗം’ ടീസർ പുറത്ത്!

January 11, 2024

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങിയതോടെ വ്യക്തമായതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുന്നു എന്ന വാർത്തയാണ് ആരാധകർക്ക് ആവേശമാകുന്നത്. (Mammooty starrer Bhramayugam teaser is out)

2 മിനിറ്റ് 11 സെക്കന്റ് ദൈർഘ്യമുള്ള ടീസർ പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെയായിരുന്നു. ടീസർ രംഗങ്ങളിൽ ഭയവും ഏറെ നിഗൂഢതകളും ഒളിഞ്ഞിരിപ്പുണ്ട്. രാഹുൽ സദാശിവന്റെ ‘ഭൂതകാലം’ കണ്ട ഏവർക്കും മറ്റൊരു ഹൊറർ ത്രില്ലറിന്റെ അനുഭവമാണ് ഭ്രമയുഗം ടീസറും നൽകുന്നത്.

Read also: പോലീസ് ത്രില്ലറുമായി ടൊവിനോ തോമസ്; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ നാളെ പ്രേക്ഷകരിലേക്ക്

അടുത്ത കാലങ്ങളിലുള്ള മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ സിനിമാ തെരഞ്ഞെടുപ്പുകൾ പ്രേക്ഷകരെ ഞെട്ടിക്കുന്നവയാണ്. ഭ്രമയുഗവും ഇതുവരെ കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ മറ്റൊരു കഥാപാത്രവും അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ ഒരുക്കുന്നതിനായി ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍, രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തും. ചിത്രീകരണം പൂര്‍ത്തിയായ ഭ്രമയുഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

Story highlights: Mammooty starrer Bhramayugam teaser is out