‘മലയാള സിനിമയിലെ ഏറ്റവും വലിയ തെമ്മാടിക്ക് 26 വയസ്’- മോഹൻലാലിൻറെ സന്ദേശം പങ്കുവെച്ച് ഭദ്രൻ

March 30, 2021

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രവും ഹിറ്റ് കഥാപാത്രവുമാണ് സ്ഫടികവും ആടുതോമയും. സംവിധായകന്‍ ഭദ്രന്‍ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച ക്ലാസിക് ചിത്രമാണ് സ്ഫടികം. ചിത്രം 26 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. വാർഷികദിനത്തിൽ മോഹൻലാൽ അയച്ച സന്ദേശം പങ്കുവെച്ചുകൊണ്ട് സ്ഫടികത്തിനെക്കുറിച്ച് കുറിക്കുകയാണ് സംവിധായകൻ ഭദ്രൻ.

‘ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ ‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്’ എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി.

കൊവിഡ് ഉണ്ടാക്കിവെച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് ജ്യോമെട്രിക്സ് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4k ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും’.- ഭദ്രൻ കുറിക്കുന്നു.

Read More: മഴ നനയാതെ നായയെ കുട ചൂടിച്ച് പോലീസ് ഉദ്യോഗസ്ഥൻ- ഹൃദ്യം ഈ വീഡിയോ

1995-ൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ കഥയും ഭദ്രന്റെത് തന്നെയായിരുന്നു. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഈ സിനിമയിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ് സ്ഫടികം ജോർജ് എന്നാണ് പിന്നീട് അറിയപ്പെട്ടത്.

Story highlights- 26 years of sphadikam